റിയാദ്: ഇൗ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങൾ ധിറുതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്തന്. കോവിഡ് ഭീഷണിയുടെ കാര്യത്തിൽ ഒരു വ്യക്തത വരുന്നതുവരെ ഹജ്ജ് കരാറുകള്‍ ഒപ്പുവെക്കുന്നതും ഒരുക്കങ്ങൾ നടത്തുന്നതും നീട്ടിവെക്കാനും അൽപം ക്ഷമയോടെ കാത്തിരിക്കാനും ലോകത്തെ വിശ്വാസി സമൂഹത്തോടും രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രമുഖ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
എന്നാൽ, ഹജ്ജിെൻറ കാര്യത്തിൽ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല. നിലവിലെ സ്ഥിതി തുടരുകയാണ്. വിശ്വാസികളെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ കോവിഡ് സാഹചര്യം നീങ്ങുന്നതിനനുസരിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് നിര്‍ത്തിവെച്ചു എന്ന നിലയിൽ വ്യാജ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. ജൂലൈ അവസാന ആഴ്ചയിലാണ് ഹജ്ജ്. ഇതിനിടെ മേയ് അവസാനം വരെ ഉംറ ഗ്രൂപ്പുകള്‍ക്ക് വിമാന സർവിസുകള്‍ ബുക്ക് ചെയ്യുന്നത് വിമാനക്കമ്പനികള്‍ നിര്‍ത്തിത്തുടങ്ങി. സൗദിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സാണ് മേയ് അവസാനം വരെ ബുക്കിങ് തുടരുന്നത് നിര്‍ത്തിവെച്ചതായി അറിയിച്ചത്. ഇതുവരെ ബുക്ക് ചെയ്ത ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും തുക തിരിച്ചുനല്‍കുമെന്നും കമ്പനി അറിയിച്ചു.
ലോകത്തെ കോവിഡ് -19 സാഹചര്യം മാറുന്നതിനനുസരിച്ചാകും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക. വിവിധ ഗ്രൂപ്പുകള്‍ക്കായുള്ള സാധാരണ ബുക്കിങ് ഏപ്രില്‍ 15 വരെയും നിര്‍ത്തി. ഇതുവരെ ബുക്ക് ചെയ്തവര്‍ക്കും റീഫണ്ട് ചെയ്യും. രാജ്യത്ത് ഉംറക്കെത്തി കുടുങ്ങിയ 1,200 പേര് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ രാജ്യത്ത് കഴിയുന്നുണ്ട്. വിമാന സർവിസ് തുടങ്ങുന്ന മുറക്ക് ഇവരെ തിരിച്ചയക്കും. ഇതിനകം ഉംറ ബുക്കിങ് നടത്തി കര്‍മം ചെയ്യാനാകാത്തവര്‍ക്ക് അത് റീ ഫണ്ട് ചെയ്തതായും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.