റിയാദ്: ഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്നതിനായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വളൻറിയർമാർ പുണ്യനഗരികളിൽ എത്തും. ഹജ്ജിന്റെ പ്രധാന ദിവസങ്ങളിലാണ് ഇവർ എത്തുക. റിയാദ്, ദമ്മാം, ജിദ്ദ, മദീന, ത്വാഇഫ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് സേവകരാണ് ഹജ്ജ് ദിനങ്ങളിൽ സജീവമാവുക. ഹജ്ജിന്റെ പ്രധാന ദിവസങ്ങളായ ജൂലൈ 9, 10, 11, 12 തീയതികളിൽ ഇവർ മിനയിലും പരിസര പ്രദേശങ്ങളിലും സേവനനിരതരായി ഉണ്ടാകും. വർഷങ്ങളായി വിവിധ സംഘടനകളുടെ വളൻറിയർമാർ ഈ സേവന പ്രവർത്തനത്തിന് പുണ്യനഗരികളിൽ എത്താറുണ്ട്. ഓരോ സംഘടനയും വ്യത്യസ്ത യൂനിഫോമുകളിൽ തങ്ങളുടെ സേവനപ്രവർത്തകരെ ഇവിടങ്ങളിൽ വിന്യസിക്കാറുണ്ട്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ആയിരത്തോളം കിലോമീറ്ററും അതിനുമപ്പുറം ദൂരം താണ്ടിയാണ് അല്ലാഹുവിന്റെ അതിഥികളെ സേവിക്കാൻ എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡിന്റെ നിയന്ത്രണങ്ങൾ കാരണം ഇവർക്ക് പുണ്യനഗരികളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി ഇതിനകം പല സംഘടനകൾക്കും ലഭിച്ചുകഴിഞ്ഞു. വരുംദിവസങ്ങളിൽ പൂർണമായ അനുമതി ലഭിക്കുന്നതോടെ സംഘങ്ങളായി ഇവർ പുണ്യനഗരിയിലേക്ക് തിരിക്കാനുള്ള ഒരുക്കം തുടങ്ങും. പ്രത്യേക പരിശീലന ശേഷമാണ് ഇവർ മിനയിലും പരിസരപ്രദേശങ്ങളിലും വഴികാട്ടിയായി ഇറങ്ങുക. ഓരോ രാജ്യക്കാർ താമസിക്കുന്ന ഇടങ്ങൾ, ഓരോ രാജ്യത്തിന്റെയും ഹജ്ജ് ഗൈഡൻസ് ഓഫിസുകൾ, ടെന്റുകളുടെ സ്ഥാനം, ആശുപത്രികൾ, പള്ളികൾ, പാലങ്ങൾ, ചെറുതും വലുതുമായ റോഡുകൾ, മിനയെയും ജംറയെയും ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിനുകളുടെ സ്റ്റേഷനുകൾ തുടങ്ങി എല്ലാം ഇവർ മുൻകൂട്ടി മനസ്സിലാക്കിയിട്ടുണ്ടാകും. വർഷങ്ങളായി ഹജ്ജ് സേവന രംഗത്തുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഹജ്ജ് ക്യാമ്പുകളിൽനിന്ന് മിനയിലും ജംറയുടെ പരിസരപ്രദേശത്തും എത്തുന്ന ഇവർ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സേവനരംഗത്ത് ഉണ്ടാവുക. ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിയുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളും അനുമതിപത്രവും കരുതാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.