ജിദ്ദ: ഈ വർഷം ഹജ്ജ് സേവനത്തിലേർപ്പെടുന്നവർക്കുള്ള പരിശീലനം മക്കയിൽ ആരംഭിച്ചു. ‘തർഹാബ്’എന്ന പേരിൽ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിക്ക് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസൾട്ടിങ് റിസർച്ച് ആൻഡ് സ്റ്റഡീസുമായി സഹകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയമാണ് പരിശീലനം ആരംഭിച്ചത്. തീർഥാടന സേവന മേഖലയിലെ ഒന്നാം നിരയിലുള്ള 13,000ത്തിലധികമാളുകൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
തീർഥാടകർക്ക് വിജയകരവും അതുല്യവുമായ അനുഭവം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവുകൾ പരിചയപ്പെടുത്തുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസൾട്ടിങ് റിസർച്ച് ആൻഡ് സ്റ്റഡീസ് ഡീൻ ഡോ. മുഹമ്മദ് ബിൻ നാഇഫ് അൽശരീഫ് പറഞ്ഞു. തീർഥാടകരുമായി മികച്ച രീതിയിൽ ഇടപെടുന്നതിനുള്ള ആശയങ്ങളും കഴിവുകളും നിർവചിക്കുക, ട്രെയിനികളുടെ കഴിവുകൾ പരിഷ്കരിക്കുക, തീർഥാടകർക്ക് ഉയർന്ന സംതൃപ്തി ലഭ്യമാക്കുക, മികച്ച രീതിയിൽ പരാതികൾ കൈകാര്യം ചെയ്യാൻ സാധ്യമാക്കുക എന്നിവയാണ് ഉദ്ദേശ്യമെന്നും അൽശരീഫ് പറഞ്ഞു.
യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ തുടർച്ചയായി രണ്ടാം വർഷമാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന് ആളുകളെ യോഗ്യരാക്കാനും പരിശീലിപ്പിക്കാനുമുള്ള അതിന്റെ താൽപര്യം തുറന്നുകാട്ടുന്നതാണിത്. തീർഥാടകർക്ക് ആതിഥേയത്വം നൽകുക, അവർക്ക് മികച്ച സേവനം നൽകുക, അവരുടെ അനുഭവം സമ്പന്നവും ആഴമേറിയതുമാക്കുക, നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുക, സേവന രംഗത്ത് രാജ്യത്തിന്റെ മാന്യവും പരിഷ്കൃതവുമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ‘തർഹാബ്’പരിപാടി തുടക്കമിട്ടതെന്നും അൽശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.