ജിദ്ദ: പ്രവാചക പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ പുണ്യമാണ് മറ്റുള്ളവർക്ക് സേവനം ചെയ്യുക എന്നതാണ് പ്രവാചക പാഠമെന്നും ഹൃദയത്തിൽനിന്നാണ് സേവന മനസ്ഥിതി വരേണ്ടതെന്നും ആത്മാർത്ഥതയോടെ ഹജ്ജ് വളന്റിയർ സേവനം ചെയ്യുന്നവർക്ക് അല്ലാഹുവിൽനിന്നും അർഹമായ പ്രതിഫലം ലഭിക്കുമെന്നും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ബീഹാറിലെ കിഷൻ ഗഞ്ച് ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻൻസ് സ്ഥാപക മേധാവിയുമായ ഡോ. സുബൈർ ഹുദവി പറഞ്ഞു.
'ഉത്തമ സേവനത്തിന് ഉദാത്ത മാതൃക' എന്ന ശീർഷകത്തിൽ കെ.എം.സി.സി ജിദ്ദ ഹജ്ജ് സെൽ കേരളേതര സംസ്ഥാനങ്ങളിൽനിന്നും ഹജ്ജ് വളന്റിയർമാരായി രജിസ്റ്റർ ചെയ്തവർക്കുള്ള പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് സഹജീവിയോടു മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവൻ ജീവജാലങ്ങളോടും കടമകളും ബാധ്യതയും ഉൾകൊള്ളുന്നതാണ് ഇസ് ലാമിന്റെ മുഴുവൻ അധ്യാപനങ്ങളും. ഹജ്ജിനെത്തുന്ന പ്രായംചെന്ന വഴിതെറ്റിയവരെയും അവശരായവരെയും അവർക്കുവേണ്ട മറ്റു അത്യാവശ്യ സഹായങ്ങൾ ചെയ്തു സേവന കർമനിരതരാവുന്നതിനു കേരളത്തിനു പുറത്തുനിന്ന് സന്നദ്ധ സേവകരായി വന്ന എല്ലാവർക്കും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.
സി.കെ അബ്ദുൽ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശിഹാബ് താമരക്കുളം വളന്റിയർ പരിശീലനം നൽകി. സുബൈർ വട്ടോളി, സിറാജ് കണ്ണവം എന്നിവർ വളന്റിയർമാർക്കുള്ള നിർദേശങ്ങൾ നൽകി. വി.പി മുസ്തഫ സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു. എ.കെ ബാവ, ഷക്കീർ നാലകത്ത്, അബു കട്ടുപ്പാറ, നിസാർ മടവൂർ, ഫൈറൂസ് കൊണ്ടോട്ടി, അഫ്സൽ നാറാണത്ത്, വനിത വിങ്ങ് നേതാക്കളായ മുംതാസ് ടീച്ചർ, ഷമീല മൂസ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.