മക്ക: ജീവിതത്തിലെ പൈശാചികതയെ പ്രതീകാത്മകമായി കല്ലെറിയുന്ന ചടങ്ങ് ഹാജിമാരെ സംബന്ധിച്ചിടത്തോളം ജീവിത ശുദ്ധിക്ക് സുരക്ഷയൊരുക്കൽ കൂടിയാണ്. ഹജ്ജിലെ ഏറ്റവും തിരക്കുപിടിച്ച ദിനമായ ദുൽഹജ്ജ് പത്തിനാണ് കല്ലെറിയൽ. ചൊവ്വാഴ്ച പുലർച്ചയോടെ മുസ്ദലിഫയിൽ നിന്നെത്തിയ ഹാജിമാർ ജംറത്തുൽ അഖബയിൽ കല്ലേറ് കർമം പൂർത്തിയാക്കി. ഏഴു കല്ലുകൾ എറിഞ്ഞ് ഹാജിമാർ പൈശാചിക ചിന്തകളെ തുരത്തി. തുടർന്ന് ബലികർമം നിർവഹിച്ചു. നേരത്തേ 799 റിയാൽ നൽകി അദാഹി പ്ലാറ്റ്ഫോം വഴി ബലികർമത്തിനുള്ള കൂപ്പണുകൾ ഹാജിമാർ കൈപ്പറ്റിയിരുന്നു.
രാവിലെ ബലികർമം നടത്തിയതായി എസ്.എം.എസ് വഴി ഹാജിമാർക്ക് വിവരം ലഭിച്ചു. തുടർന്ന് ഹാജിമാർ തല മുണ്ഡനം ചെയ്തു. ഹജ്ജിൽനിന്ന് അർധവിരാമം പ്രാപിച്ച് സാധാരണ വസ്ത്രങ്ങൾ അണിഞ്ഞു. അറഫ സംഗമത്തിെൻറ പിറ്റേ ദിവസമായ ദുൽഹജ്ജ് 10 യൗമുന്നഹർ അഥവാ ബലിദിനം എന്നാണ് അറിയപ്പെടുന്നത്. ഹജ്ജിലെയും ബലിപെരുന്നാളിലെയും പ്രധാന കർമമാണ് ബലി. പുത്ര ബലിക്കുള്ള ഇബ്രാഹിം പ്രവാചകെൻറ സന്നദ്ധത മാതൃകയാക്കി ദൈവമാർഗത്തിൽ വിലപ്പെട്ടതെല്ലാം സമർപ്പിക്കുമെന്നാണ് മൃഗബലിയിലൂടെ വിശ്വാസികൾ പ്രഖ്യാപിക്കുന്നത്. തങ്ങൾക്ക് ലഭിച്ച ചെറുതും വലുതുമായ മുഴുവൻ അനുഗ്രഹങ്ങളും ദൈവികദാനമാണ്.
ആ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നാഥെൻറ മഹത്ത്വവും ഔന്നത്യവും വാഴ്ത്തുകയാണ് കർമം മുഖേന വിശ്വാസികൾ നടത്തുന്നത്. ഹജ്ജിെൻറ ഭാഗമായ കഅബ പ്രദക്ഷിണവും ഹാജിമാർ നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരക്ക് ഒഴിവാക്കാനായി പകുതിയോളം ഹാജിമാർക്ക് മാത്രമേ ചൊവ്വാഴ്ച കഅബ പ്രദക്ഷിണത്തിന് അവസരം ലഭിച്ചുള്ളൂ. ബാക്കി ഹാജിമാർ ഹജ്ജ് സർവിസ് ഏജൻസികൾക്ക് നൽകിയ സമയക്രമം അനുസരിച്ച് ദുൽഹജ്ജ് 11നും 12നും ഹജ്ജിെൻറ ഭാഗമായ പ്രദക്ഷിണം നിർവഹിക്കും.
കല്ലേറ് കർമവും ബലിയും നിർവഹിച്ച ഹാജിമാർ മിനായിലെ തമ്പുകളിൽ തിരിച്ചെത്തി. ദുൽഹജ്ജ് 11, 12, 13 തീയതികളിൽ ഹാജിമാർ മിനായിൽ രാപ്പാർക്കും. ആയിരത്തോളം മലയാളി തീർഥാടകരാണ് ഇത്തവണ ഹജ്ജിന് എത്തിയിരിക്കുന്നത്. ഇവരുടെ ത്വവാഫുൽ ഇഫാദ വരും ദിവസങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഗൾഫിൽ വേനൽക്കാലമായിട്ടും ഹജ്ജ് ദിവസങ്ങളിൽ മിതോഷ്ണമായ അനുകൂല കാലാവസ്ഥ ഹാജിമാർക്ക് ആശ്വാസമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.