ഈ ക്രിസ്മസ് ആഘോഷിക്കുമ്പോൾ, യേശുവിന്റെ വെളിച്ചം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങൾ നിർമിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ. സ്നേഹവും ബഹുമാനവും നിലനിൽക്കുന്ന ഒരു സമൂഹത്തെ വളർത്തിക്കൊണ്ട് നമുക്ക് പരസ്പരം കൈകൾ നീട്ടാം.
ക്രിസ്മസ് സന്തോഷം കൊണ്ടാടുമ്പോൾ, ഈ ദിനം കൊണ്ടുവരുന്ന സമാധാനം, സ്നേഹം, സാഹോദര്യം എന്നീ അഗാധമായ സന്ദേശങ്ങളെ വിചിന്തനം ചെയ്യാനാണ് നമ്മൾ വിളിക്കപ്പെടുന്നത്. യേശുക്രിസ്തുവിന്റെ ജനനം, നമ്മുടെ വൈവിധ്യമാർന്ന വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ മറികടന്ന്, പരസ്പരം സഹോദരീസഹോദരന്മാരായി ആലിംഗനംചെയ്യാനുള്ള ആഹ്വാനമാണ്.
ഫ്രാൻസിസ് പാപ്പ പലപ്പോഴും ഓർമിപ്പിക്കാറുള്ളതുപോലെ, നമ്മുടെ വിശ്വാസങ്ങളുടെ വ്യത്യസ്ത പരിഗണനകൾക്കിടയിലും പരസ്പരം ബഹുമാനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതിലൂടെയാണ് യഥാർഥ സാഹോദര്യം വളരുന്നത്. എല്ലാ ജനങ്ങൾക്കുമിടയിൽ ധാരണയുടെയും സഹകരണത്തിന്റെയും പാലങ്ങൾ നിർമിക്കുന്നതിന്റെ ആഹ്വാനം സ്വീകരിച്ച്, സംഭാഷണത്തിനും സഹകരണത്തിനുമുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കേണ്ടതാണ്.
ഈ വിശുദ്ധകാലഘട്ടത്തിൽ പരസ്പരസ്നേഹം, ദാനധർമം, ബഹുമാനം എന്നിവയുടെ പ്രാധാന്യം പഠിപ്പിക്കുന്ന ക്രിസ്തുമതവും ഇസ് ലാം മതവും തമ്മിലെ പൊതുഅടിത്തറ തിരിച്ചറിയൽ അത്യാവശ്യമാകുന്നു. പാർശ്വവത്കരിക്കപ്പെട്ടവരെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും, നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യേശുവിന്റെയും മുഹമ്മദ് നബിയുടെയും അധ്യാപനങ്ങൾ ഊന്നിപ്പറയുന്നു. ക്രിസ്തുമതവും ഹിന്ദുമതവും തമ്മിലെ ആഴത്തിലുള്ള ബന്ധങ്ങളും ഈ സന്ദർഭത്തിൽ മനസ്സിൽ തെളിയണം. ഇരു വിശ്വാസങ്ങളും അനുകമ്പയുടെയും സേവനത്തിന്റെയും സത്യാന്വേഷണത്തിന്റെയും പ്രാധാന്യം പഠിപ്പിക്കുന്നു. പരസ്പരം സ്നേഹത്തിന് ഊന്നൽ നൽകിയ യേശുവിന്റെ ഉപദേശങ്ങൾ, എല്ലാ ജീവജാലങ്ങളോടും ബഹുമാനത്തോടും ദയയോടും പെരുമാറാൻ നമ്മെ വിളിക്കുന്ന ‘അഹിംസ’ എന്ന ഹൈന്ദവ തത്ത്വവുമായി പ്രതിധ്വനിക്കുന്നു.
നമ്മുടെ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിനുള്ള സഹകരണസാധ്യതയുടെ വിശാലമായ വാതായനങ്ങളാണ് ഈ മതാന്തര സംഭാഷണങ്ങൾ.
എല്ലാ ജനങ്ങൾക്കിടയിലും സാഹോദര്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച ഫ്രാൻസിസ് പാപ്പ മാന്യമായ നിലയിൽ തുറന്ന സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടാനാണ് നമ്മോട് ആഹ്വാനം ചെയ്തത്.
സാംസ്കാരികവും മതപരവുമായ വൈവിധ്യത്താൽ സമ്പന്നമായ കേരളത്തിൽ, വ്യത്യസ്ത വിശ്വാസങ്ങൾക്ക് എങ്ങനെ യോജിച്ച് ജീവിക്കാൻ കഴിയുമെന്നതിന് സവിശേഷമായ മാതൃകകളുണ്ട്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, നമ്മുടെ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനും, സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കാനും സാധിക്കുന്നു. ദൈവത്തോടുള്ള സ്നേഹം അയൽക്കാരോടുള്ള സ്നേഹത്തിൽനിന്ന് വേർപെടുത്താനാവാത്തതാണെന്ന് നമ്മുടെ എല്ലാ പാരമ്പര്യങ്ങളുടെയും ഉപദേശങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.
ഈ മനോഭാവത്തിൽ, നമ്മുടെ വ്യത്യാസങ്ങൾ തടസ്സങ്ങളല്ല, മറിച്ച് നാം പങ്കുവെക്കുന്ന മാനവികതയെ വർധിപ്പിക്കുന്ന സമ്പന്നതയുടെ ഉറവിടങ്ങളാണവ. ഒരു കലാകാരൻ വിവിധനിറങ്ങളിൽനിന്നൊരു മനോഹരമായ ചിത്രം സൃഷ്ടിക്കുന്നതുപോലെ, ഓരോ പാരമ്പര്യത്തിന്റെയും അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിലൂടെ നമ്മുടെ മതാന്തര സമൂഹം അതിന്റെ വികസനത്തിന് വഴിയൊരുക്കുന്നു. ഈ വൈവിധ്യം നമുക്കിടയിൽ ആഴത്തിലുള്ള ധാരണയും ബഹുമാനവും വളർത്തുകയും, പൊതുനന്മക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഈ ക്രിസ്മസ് ആഘോഷിക്കുമ്പോൾ, യേശുവിന്റെ വെളിച്ചം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങൾ നിർമിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ. സ്നേഹവും ബഹുമാനവും നിലനിൽക്കുന്ന ഒരു സമൂഹത്തെ വളർത്തിക്കൊണ്ട് നമുക്ക് പരസ്പരം കൈകൾ നീട്ടാം. സമാധാനം നിലനിൽക്കുന്ന, ഓരോ വ്യക്തിയെയും അന്തസ്സോടെയും ബഹുമാനത്തോടെയും പരിഗണിക്കുന്ന ഒരു ഭാവിയിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.
ഏവർക്കും സന്തോഷവും പ്രതീക്ഷയും നിറഞ്ഞ, ഐക്യമനസ്സ് നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.