ജിദ്ദ: പാട്ടിനും ആട്ടത്തിനും മേളത്തിനുമിടയിൽ സദസ്യരെ കുടുകുടെ ചിരിപ്പിച്ച് മഹേഷ് കുഞ്ഞുമോനും. അനുകരണ കലയിലെ ന്യൂജെന്‍ താരമായ മഹേഷ് പ്രശസ്തരായ നിരവധിയാളുകളുടെ ശബ്ദാനുകരണവും സ്പോട്ട് ഡബ്ബിങ്ങും അവതരിപ്പിച്ചാണ് സദസ്സിനെ കൊണ്ട് പൊട്ടിച്ചിരിപ്പിച്ചതും ഒരുവേള അമ്പരപ്പിച്ചതും. ആദ്യമായാണ് ജിദ്ദയില്‍ എത്തിയതെന്നും മലയാളി പ്രേക്ഷകരെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നുമെന്ന ആമുഖത്തോടെയായിരുന്നു സദസ്സിനോട് സംവദിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡയലോഗുകള്‍ അദ്ദേഹത്തിന്റെ അതേ പഞ്ചോടെയും ഭാവത്തോടെയും അവതരിപ്പിച്ചപ്പോൾ യഥാർഥ്യമേത് അനുകരണമേത് എന്ന് തിരിച്ചറിയാനായില്ല. ടൊവിനോയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ സംഭാഷണത്തെയും മഹേഷ് അനുകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസാരം ഹിന്ദിയിലും മലയാളത്തിലുമായി ഒരുപോലെ അവതരിപ്പിച്ചു. സിനിമ രംഗത്തെ പ്രമുഖരായ വിനീത് ശ്രീനിവാസന്, സൈജു കുറുപ്പ്, ജഗതി തുടങ്ങിയവരുടെയും ഡയലോഗുകളും ചേരുംപടി ചേര്‍ത്ത്കൊണ്ട് മഹേഷിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു.
ജിദ്ദ: ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ യുവ നർത്തകനും അഭിനേതാവുമായ റംസാൻ മുഹമ്മദിന്റെ പ്രകടനം കാണികളെ വിസ്മയഭരിതരാക്കി.
വെള്ളിവെളിച്ചത്തിൽ ഹൈ വോൾട്ടേജിൽ റംസാൻ നർത്തനമാടിയപ്പോൾ സദസ്സ് ഇളകിമറിഞ്ഞു. കൊറിയോഗ്രഫിയിൽ നിപുണൻ കൂടിയായ റംസാന്റെ സൗദിയിലെ ആദ്യ അരങ്ങായിരുന്നു ‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’. ആയിരങ്ങൾ നിറഞ്ഞ സദസ്സിനു മുന്നിൽ തന്നെ സൗദിയിലെ തന്റെ ആദ്യ സ്റ്റേജ് ഷോക്ക് അവസരം നൽകിയ ‘ഗൾഫ് മാധ്യമ’ത്തോടും ‘മീ ഫ്രൻഡ് ആപ്പി’നോടും നന്ദി അറിയിക്കാൻ റംസാൻ അതിനിടയിലും മറന്നില്ല.
ജിദ്ദയിലെ യുവ നർത്തകന്മാരെ വേദിയിൽ അണിനിരത്തി നൃത്ത പൈതൃകത്തിന്റെ ചൈതന്യം പൂർണാർഥത്തിൽ സന്നിവേശിപ്പിക്കുക എന്ന പ്രയത്നത്തിനു കൂടിയാണ് താൻ ശ്രമം നടത്തിയതെന്നും ജിദ്ദയിൽ ഒരു ഡാൻസ് ക്ലബ് രൂപവത്കരിക്കുന്നതിന്റെ സാധ്യതയെ കുറിച്ചുകൂടി ആലോചിക്കുകയാണെന്നും റംസാൻ വേദിയിൽ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ വലിയ കരഘോഷം മുഴക്കിയിരുന്നു.
ജിദ്ദ: മലയാളത്തിന്റെ യുവസംഗീത നക്ഷത്രങ്ങൾ മിഴിതുറന്ന ചെങ്കടൽ തീരത്തെ സംഗീതരാവിൽ വയലിനിൽ തീർത്ത രാഗവിസ്മയവുമായി രൂപ രേവതി. കണ്ണൂർ ശരീഫിനൊപ്പം ഭക്തിയുടെ സ്വരമുതിർത്ത രൂപ രേവതി, ടൊവിനോ തോമസിന്റെ സിനിമയായ ‘എടക്കാട് ബറ്റാലിയനി’ലെയും മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയായ ‘കുമ്പളങ്ങി നൈറ്റ്സി’ലെയും ഗാനങ്ങളടക്കം നിരവധി സംഗീത മുഹൂർത്തങ്ങൾ അനുവാചകർക്കായി ഒരുക്കി.
റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന രൂപ രേവതി, ഒരു പാട്ടുകാരിയായി ‘ഗൾഫ് മാധ്യമ’ത്തിന്റേതടക്കം നിരവധി ഷോകളിൽ പങ്കെടുത്ത് മുന്നോട്ടുപോയെങ്കിലും തന്റെ തട്ടകം വയലിനാണെന്ന് മനസ്സിലാക്കിയാണ് തന്ത്രികൾ മീട്ടാനുള്ള ‘ബോ’ കൈയിലെടുത്തത്. ഉറുമി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു തുടക്കം. ബാലഭാസ്കർ എന്ന അതുല്യനായ കലാകാരനാണ് തന്റെ പ്രചോദനവും വഴികാട്ടിയും, അദ്ദേഹം പെർഫോം ചെയ്ത വേദികൾ ഒരു മലയാളിക്കും മറക്കാനാവില്ല. ചിത്ര ചേച്ചിയും എസ്.പി. ബാലസുബ്രഹ്മണ്യം സാറും തനിക്ക് കൂടുതൽ പ്രോത്സാഹനവും അവസരങ്ങളും നൽകിയതായും അവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തന്റെ സംഗീതയാത്രയിൽ ‘ഗൾഫ് മാധ്യമം’ നൽകുന്ന പിന്തുണ വലുതാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.