ബുറൈദ: ശനിയാഴ്ച പെയ്ത കനത്ത മഴക്കിടെ വെള്ളത്തിൽ ഒലിച്ചുപോയ മൂന്നു സ്വദേശി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. വാദി അബു റമദിൽ കുടുംബാംഗങ്ങളോടൊപ്പം ശക്തമായ ഒഴുക്കുവെള്ളം മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടികൾ അപകടത്തിൽപെട്ടത്. മാതാപിതാക്കളുടെ അറിയിപ്പ് ലഭിച്ച അൽ ഖസീം സിവിൽ ഡിഫൻസ് ടീമാണ് തിരച്ചിൽ നടത്തിയത്.
ശനിയാഴ്ച സന്ധ്യയോടെ തുടങ്ങി അർധരാത്രി വരെ നീണ്ടുനിന്ന മഴയിൽ പലസ്ഥലത്തും റോഡുകൾ തകരുകയും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തകരാറിലാവുകയും ചെയ്തു.
താഴ്ന്ന ഭാഗങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ചിലത് വെള്ളം കയറി നാശമായി. മഴയുള്ള സമയത്ത് താഴ്വരകളിലേക്കും ചതുപ്പു നിലങ്ങളിലേക്കും പോകരുതെന്നും തോടുകൾ മുറിച്ചുകടക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വെള്ളക്കെട്ടുകളിൽ കുട്ടികൾ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. യാത്രകൾ പ്രധാന നിരത്തുകളിലൂടെയാക്കണം. റിയാദ്, ഖസീം, മദീന, ഹാഇൽ, അൽജൗഫ് മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഹാഇലിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കുടുങ്ങി നിരവധി വാഹനങ്ങൾ കേടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.