മദീനയിലെ സുപ്രധാന പൈതൃകത്തിന്റെ ശ്രദ്ധേയ പ്രദർശനശാലയാണ് ഹിജാസ് റെയിൽവേ മ്യൂസിയം. സൗദി ടൂറിസം-പുരാവസ്തു അതോറിറ്റിയുടെ നിയന്ത്രണത്തിലാണിത്. മസ്ജിദുന്നബവിയിൽനിന്നും മൂന്നു കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് സ്ഥിതി ചെയ്യുന്നത്. സംസ്കൃതിയും ചരിത്രങ്ങളുടെ കലവറയും സമന്വയിപ്പിക്കുന്നതാണ് ഇവിടുത്തെ പുരാതന ചരിത്രശേഷിപ്പുകൾ.
തുർക്കിയിലെ ഇസ്തംബൂളും മക്ക, മദീന നഗരങ്ങളും തമ്മിൽ ബന്ധിപ്പിച്ച് 1908ൽ നിർമിച്ചതാണ് ഹിജാസ് റെയിൽവേ. 2,241 കിലോമീറ്റർ നീളത്തിൽ നിർമിച്ച ചരിത്രപ്രാധാന്യമുള്ള റെയിൽപാത തുർക്കിയിൽ നിന്നും സിറിയ, ജോർഡൻ വഴിയാണ് സൗദിയിലെത്തുന്നത്. 1900 മുതൽ എട്ടു വർഷമെടുത്താണ് റെയിൽവേ പണി പൂർത്തിയാക്കിയത്. അറേബ്യയുടെ ചില ഭാഗങ്ങൾ അന്ന് തുർക്കിയുടെ നിയന്ത്രണത്തിലായിരുന്നു. ആ കാലത്ത് മദീന, മദായിൻ സാലിഹ് തുടങ്ങിയ പൗരാണിക നഗരങ്ങളെ തുർക്കിയുമായി ബന്ധിപ്പിക്കാൻ വേണ്ടിയാണ് പാത പണിതത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ ജോർഡനിലേക്ക് പ്രവേശിക്കുന്നു. ജോർഡന്റെ വടക്കൻ അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിക്കുന്ന പാത മദായിൻ സ്വാലിഹിലൂടെയാണ് മദീനയിലെത്തുന്നത്.
സിറിയയിലെ ഡമസ്കസിൽനിന്നും മദീനയിലേക്കുള്ള തീർഥാടനത്തിന് വേണ്ടിയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഹിജാസ് റെയിൽവേ ഉസ്മാനിയ ഖിലാഫത്തിന്റെ പ്രൗഢിയുടെ പ്രതീകമാണ്. ഒട്ടോമൻ ഭരണകാലത്ത് തുർക്കി ഖലീഫ അബ്ദുൽ ഹമീദ് രണ്ടാമന്റെ നിർദേശ പ്രകാരമായിരുന്നു നിർമാണം. എന്നാൽ, ഒന്നാം ലോകയുദ്ധത്തിന് ശേഷം 1920ൽ പൂർണമായി തകർക്കപ്പെട്ടു. പിന്നീട് ഇത് പുനർനിർമിക്കാൻ തുർക്കിയുടെ നേതൃത്വത്തിൽ പല പദ്ധതികൾ ആവിഷ്കരിച്ചുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. മദീന റെയിൽവേ സ്റ്റേഷന് സമീപം ഇവിടെ സ്ഥാപിച്ച മ്യൂസിയം അതിന്റെ പൗരാണിക പ്രതാപത്തിന്റെ ചരിത്രമാണ് വിളിച്ചോതുന്നത്.
ഒന്നാം ലോകയുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള 'ഖിലാഫത്ത്' നഷ്ടപ്പെട്ട് പോയ ചരിത്രത്തിന്റെ മൂകസാക്ഷികൂടിയാണ് ഈ പാത. ഒരു തീവണ്ടിപ്പാളത്തിലൂടെ ഒരു സാമ്രാജ്യംതന്നെ തകർത്ത ചരിത്രമാണിത്. ഖിലാഫത്തിന്റെ അഭിമാന അടയാളമായ റെയിൽവേക്ക് വേണ്ടി ലോക രാഷ്ട്രങ്ങളുടെ സഹായ സഹകരണങ്ങൾ അന്നുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഇന്ത്യയും സാമ്പത്തിക സഹായം നൽകിയിരുന്നു. ഉസ്മാനിയ ഖലീഫ അന്ന് റെയിൽവേക്കുവേണ്ടി വഖഫ് ധനം ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയിലെ സുൽത്താന്മാരും പണക്കാരായ വ്യാപാരികളും പിന്തുണ നൽകി.
ജർമൻ എൻജിനീയർമാരുടെ സാങ്കേതിക വിദ്യയും ബെൽജിയത്തിന്റെ ഉരുക്കും തുർക്കികളുടെ കായികശേഷിയും ചേർന്നതാണ് ഹിജാസ് റെയിൽവേ. തീർഥാടകർക്ക് സുരക്ഷിതവും വേഗവുമുള്ള വഴികൾ തേടാൻ മാത്രമല്ല, ഡമസ്കസിനും അന്നത്തെ ഹിജാസിനും ഇടയിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇത് സഹായകമായി. ഇരുപതാം നൂറ്റാണ്ടിൽ ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖഫ് സ്വത്ത് കൂടിയായിരുന്നു ഹിജാസ് റെയിൽവേ.
മദീനയിലെ ഹിജാസ് റെയിൽവേ സ്റ്റേഷനോട് ചേർന്ന് സ്ഥാപിച്ച മ്യൂസിയം 2006ലാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. റെയിൽവേയുടെ ശേഷിപ്പുകൾ ഇവിടെ സംരക്ഷിക്കുന്നു. മ്യൂസിയത്തിന് സമീപത്തായി ഉല്ലസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യവുമുണ്ട്. ഉസ്മാനിയ രാജവംശത്തിന്റെ പിന്തുടർച്ചയായ ഒട്ടോമൻ കാലഘട്ടത്തിൽ നിലവിൽ ഉണ്ടായിരുന്ന പാരമ്പര്യ വീട്ടുപകരണങ്ങൾ, കറൻസികൾ, നാണയങ്ങൾ തുടങ്ങി ചരിത്രം പേറുന്ന പലതും പ്രദർശനത്തിന്റെ കൂട്ടത്തിലുണ്ട്. ആ കാലഘട്ടത്തിന്റെ സാമ്പത്തിക ഭദ്രതയും കരുത്തും വിളിച്ചോതുന്നതാണ് മ്യൂസിയത്തിലെ ഓരോ കാഴ്ചകളും. ഇസ്ലാമിക കലകളുടെ ചരിത്രശേഷിപ്പുകളും കൂട്ടത്തിലുണ്ട്. കരിങ്കല്ലിൽ കൊത്തിവെച്ച ഖുർആനിന്റെ ലിഖിതങ്ങൾ, കടലാസിൽ മനോഹരമായി എഴുതിയ ഖുർആൻ ഏടുകൾ തുടങ്ങി പലതും. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മരം, ഗ്ലാസ്, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, പിഞ്ഞാണങ്ങൾ, പഴയ കാലത്തെ ഫോൺ, ആയുധങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയും. മ്യൂസിയ നഗരിയിലെ സൂഖിലെ കടകളിൽ വിൽക്കുന്നതത്രയും പുരാതന വസ്തുക്കളാണ്. മദീനയിലെ ഹിജാസ് റെയിൽവേയുടെ സമീപത്തായി 1908ൽ ഒട്ടോമൻ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ പണി കഴിപ്പിച്ച 'അൻബരിയ' മസ്ജിദും സംരക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.