റിയാദ്: സൗദിയിൽനിന്നും 35ഓളം കലാകാരന്മാർ അണിയിച്ചൊരുക്കി പുറത്തിറക്കിയ ഹിന്ദുഭക്തിഗാന ആൽബം സമൂഹമാധ്യമങ്ങളിൽ വൈറൽ. 'ശങ്കരം ജടാധരം'എന്ന പേരിൽ ഇറക്കിയ ആൽബത്തിനായി ഗ്രീൻ സ്ക്രീനോ ആനിമേഷനോ ഇല്ലാതെ അമ്പലവും കാവും അമ്പലപരിസരവും കച്ചേരിയുമെല്ലാം സൗദിയിൽ തന്നെ ചിത്രീകരിച്ചു. പ്രവാസലോകത്ത് നിന്നും നിരവധി ആൽബങ്ങളും സിനിമകളുമെല്ലാം ഇറങ്ങുന്നുണ്ടെങ്കിലും കേരളത്തിലെ അമ്പലവും ചുറ്റുപ്രദേശങ്ങളും സൗദിയിൽ നിന്നും ഒട്ടും തനിമ ചോരാതെ ഒരു ആൽബത്തിൽ ആദ്യമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പിന്നണി പ്രവർത്തകർ പറയുന്നു.
ദിനേശ് ചൊവ്വാണ രചിച്ച ''ശങ്കരാ ശങ്കരാ ശങ്കമാറ്റു മഹേശ്വരാ''എന്നു തുടങ്ങുന്ന ഗാനം റിയാദിലെ ഗായിക ഷബാന അൻഷാദ് ആണ് ആലപിച്ചത്. സിനിമാ പിന്നണി ഗായകനും സംവിധായകനുമായ സത്യജിത്ത് സീബുൾ ആണ് സംഗീതം.
ആൽബം സംവിധാനം ചെയ്തത് അൻഷാദ് ഫിലിം ക്രാഫ്റ്റ് ആണ്. കാമറാമാൻ: രാജേഷ് ഗോപാൽ, കലാസംവിധാനം: നിസാർ ഗുരുക്കൾ, മേക്കപ്പ്: മൗന മുരളി, നൃത്തസംവിധാനം: സിന്ധു സോമൻ, വിഷ്ണു വിജയൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
ശിവനും പാർവതിയുമായി ആൽബത്തിൽ വേഷമിട്ടത് വിഷ്ണു വിജയനും വിസ്മയ സോമനുമാണ്. നന്ദൻ പൊയ്യാറ, റാഫി കൊയിലാണ്ടി, മിറാത്ത് അൽ റിയാദ്, ഫ്രാൻസിസ്, ലിൻറ, റഹീം തബൂക്ക്, അസുലു ദമ്മാം, ജോളി വുഡ് മൂവീസ് എന്നിവർ നിർമാണം നടത്തി. സൗദി കലാസംഘം പുറത്തിറക്കിയ ആൽബം B4 Malayalam യൂട്യൂബ് പേജിലാണ് റിലീസ് ചെയ്തത്. മൂന്ന് ആഴ്ചക്കുള്ളിൽ 5.25 ലക്ഷം പേർ ആൽബം കണ്ടു.
കഴിഞ്ഞദിവസം റിയാദ് അമേരിക്കൻ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ആൽബത്തിെൻറ അണിയറപ്രവർത്തകരെ വ്യവസായ പ്രമുഖരും കലാ സാംസ്കാരിക നേതാക്കളും ആദരിച്ചു.
ഷംനാദ് കരുനാഗപ്പള്ളി, മജീദ് ചിങ്ങോലി, ഷാനവാസ് മുനമ്പത്ത്, അസീസ് കടലുണ്ടി, യൂനുസ്, നിഷാദ്, അസ്ലം ഫറൂക്ക് എന്നിവർ സംബന്ധിച്ചു. തങ്കച്ചൻ വർഗീസ്, അഷ്റഫ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും പോൾസ്റ്റർ ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.