മക്കയിലെ ഹിറ സാംസ്കാരിക ജില്ല ഉദ്​ഘാടനച്ചടങ്ങിൽ നിന്ന്

മക്കയിലെ ഹിറ സാംസ്കാരിക ജില്ല ഉദ്ഘാടനം ചെയ്തു

ജിദ്ദ: മക്കയിൽ ‘ഹിറ സാംസ്കാരിക ജില്ല’ നിലവിൽ വന്നു. ഹിറ മലക്ക് ചുവട്ടിൽ സ്ഥിതിചെയ്യുന്ന സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ ചടങ്ങിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് ഹിറ സാംസ്കാരിക ജില്ലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ സന്നിഹിതനായിരുന്നു.

പദ്ധതി നടപ്പാക്കുന്ന സമായ ഇൻവെസ്റ്റ്മെൻറ് കമ്പനി ഹിറ സാംസ്കാരിക ജില്ലയെക്കുറിച്ച് തയാറാക്കിയ വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ഗവർണർക്ക് പ്രശംസാഫലകം സമ്മാനിച്ചു. ഉദ്ഘാടനച്ചടങ്ങിന് ശേഷം സാംസ്കാരിക കേന്ദ്രവും പ്രദർശന ഹാളും ഗവർണർ കണ്ടു.

ഹിറ സാംസ്കാരിക ജില്ല എന്ന ആശയത്തിന് മക്ക ഗവർണർ നൽകിയ പിന്തുണയെ മക്ക, മശാഇർ സി.ഇ.ഒ എൻജി. സ്വാലിഹ് ബിൻ ഇബ്രാഹിം അൽറഷീദ് പ്രശംസിച്ചു. ഇപ്പോൾ പദ്ധതി യാഥാർഥ്യമായിരിക്കുകയാണ്. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മക്കയിലെ താമസക്കാരുടെയും തീർഥാടകരുടെയും സന്ദർശകരുടെയും മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.

ചരിത്രപ്രധാന സ്ഥലങ്ങൾ വികസിപ്പിക്കുകയും പരിപാലിപ്പിക്കുകയും ചെയ്യുന്നതിെൻറ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായെത്തുന്ന ഹിറ ഗുഹ പരിസരത്ത് മക്ക, മശാഇർ റോയൽ കമീഷെൻറ മേൽനോട്ടത്തിലാണ് 67,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹിറ സാംസ്കാരിക കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത്. പ്രവാചകന് ദിവ്യബോധനം ആദ്യമായി അവതരിച്ച സ്ഥലമെന്നനിലയിൽ ലോക മുസ്‌ലിംകളുടെ മനസ്സാക്ഷിയിൽ വലിയ സ്ഥാനമാണ് ഹിറക്കുള്ളത്.

പ്രവാകന് ലഭിച്ച ദിവ്യബോധനത്തിെൻറ കഥ പറയുന്ന ‘വഹ്യ്’ ഗാലറി, ഖുർആൻ മ്യൂസിയം, ഹിറാ പാർക്ക് തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതി. മല കയറി ഗുഹയിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ദിശാസൂചനകളും സുരക്ഷാമാർഗങ്ങളും സജ്ജീകരിച്ച റോഡ്, മറ്റ് സൗകര്യങ്ങളും നടപ്പാക്കാനുള്ള പ്രവർത്തികൾ സ്ഥലത്ത് നടന്നുവരുകയാണ്.

Tags:    
News Summary - Hira Cultural District of Makkah was inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.