ജിദ്ദ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടുകൾക്ക് കേരളീയ സമൂഹം നൽകിയ അംഗീകാരമാണ് തുടർഭരണമെന്ന് ഐ.എം.സി.സി ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു. അഭിമാനകരവും ആഹ്ലാദകരവുമാണ് കേരളത്തിെൻറ വിധിയെഴുത്ത്. ഐതിഹാസിക വികസന മുന്നേറ്റത്തിലൂടെ കേരളത്തെ രാജ്യത്തിെൻറ നെറുകയിലെത്തിച്ച പിണറായി സർക്കാറിനോട് കേരളീയ സമൂഹം കടപ്പെട്ടിരിക്കുന്നു. അധികാര നഷ്ടത്തിെൻറ കാലുഷ്യത്തിൽ യുദ്ധം നയിച്ച പ്രതിപക്ഷത്തെ ജനം നിലംപരിശാക്കിയെന്നത് ചരിത്രത്തിലിടം നേടിയ വിധിയെഴുത്തായി.
വർഗീയതയുടെ പ്രതിലോമ രാഷ്ട്രീയത്തെ പടർത്തി കേരളത്തെ വരുതിയിലാക്കാൻ കാവിശക്തികൾ നടത്തിയ തീവ്രശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. വർഗീയതയുടെ വിഷം ചീറ്റിയവർക്ക് കാലം നൽകിയ കനത്ത താക്കീതായി ഈ വിധിയെഴുത്തിനെ കാണണണമെന്നും ഐ.എം.സി.സി ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജനപക്ഷ രാഷ്ട്രീയത്തിൻെറ വിജയം –ജിദ്ദ നവോദയ
ജിദ്ദ: വർഗീയതയുടെയും ഗീബൽസിയൻ രാഷ്ട്രീയക്കാരുടെയും മുകളിൽ കേരളം നേടിയ ഐതിഹാസിക വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ജിദ്ദ നവോദയ അഭിപ്രായപ്പെട്ടു. കേരളം പിടിച്ചെടുക്കാൻ ശരണം വിളിയോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ട് കേരളത്തിലെ ജനങ്ങളെ മതത്തിെൻറ പേരിൽ വിഭജിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചത്. ശബരിമലയുടെ പേരിൽ ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനും മറുഭാഗത്ത് വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നിവയുമായി ചേർന്ന് ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിനുമാണ് യു.ഡി.എഫും ശ്രമിച്ചത്.
അധികാരത്തിലെത്താൻ എന്ത് ഹീനമാർഗവും അവലംബിക്കാൻ ഇരുട്ടിെൻറ ശക്തികൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കേരളജനത ഇത് തിരിച്ചറിയുകയും കനത്ത തിരിച്ചടി നൽകുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പ് വിധി മതനിരപേക്ഷ രാഷ്ട്രീയത്തിനും വികസന രാഷ്ട്രീയത്തിനും ഇടതുപക്ഷ ബദൽ നയത്തിനും കരുത്ത് നൽകുന്നതാണ്. മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിപ്പിടിച്ച ഈ പോരാട്ടത്തിൽ പങ്കെടുത്ത മുഴുവൻ ജനങ്ങളെയും ജിദ്ദ നവോദയ അഭിവാദ്യം ചെയ്തു.
വിജയാഹ്ലാദ സമ്മേളനത്തിൽ പ്രസിഡൻറ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, സി.എം. അബ്ദുറഹ്മാൻ, ഗോപി, ശിഹാബ് മക്ക, ഫിറോസ് മുഴപ്പിലങ്ങാട് എന്നിവർ സംസാരിച്ചു. ആസിഫ് കരുവാറ്റ സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.