കഴിഞ്ഞ പെരുന്നാൾ ദിവസമായിരുന്നു ആ യാത്ര. വൈകുന്നേരം ആറ് മണിക്കാണ് പുറപ്പെട്ടത്. 4300 കിലോമീറ്റർ ദൂരത്തേക്ക് നാല് ദിവസത്തെ പഠനയാത്രയായിരുന്നു. രണ്ട് ബസിൽ യാത്രയുടെ അമീർ അബ്ദുറഹ്മാൻ അറക്കലിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. സാധാരണപോലെ മസ്ജിദുന്നബവി മാത്രം ലക്ഷ്യം വെച്ചുള്ള യാത്രയായിരുന്നില്ല. പരിശുദ്ധ ഖുർആനിൽ പരാമർശിച്ച ചരിത്രഭൂമിയിലൂടെ പ്രവാചകന്റെ ദേഹം ഉള്‍ച്ചേര്‍ന്ന മണ്ണിലൂടെ ആ ജീവിതത്തിലെ കാലം അവശേഷിപ്പിച്ച സുവര്ണബിന്ദുക്കള് തേടിയുള്ള ഒരു പഠനയാത്രയായി അത് മാറുകയായിരുന്നു.
പ്രവാചകനഗരിയില്‍ കാലുകുത്തുമ്പോഴുണ്ടാകുന്ന ഉള്‍പ്പുളകം മാറ്റമില്ലാതെ നിലനിന്നു. മിസ്അബ്ബിൻ ഉമൈറിന്റെ വീരേതിഹാസങ്ങള്‍ അയവിറക്കിക്കൊണ്ടല്ലാതെ ഹിജ്റയുടെ മണ്ണില്‍ പാദമൂന്നാനാവുമോ? പ്രവാചകദൗത്യത്തിന്റെ വിത്തുകള്‍ മദീനാമണ്ണില് ആദ്യം പാകിയത് അദ്ദേഹമായിരുന്നല്ലോ. സ്നേഹമാണ് മദീനയുടെ ഭാവം. തിരുദൂതരും അനുചരന്മാരും അനുഭവിച്ചറിഞ്ഞ സ്നേഹത്തില്‍ ചാലിച്ചെടുത്ത ആര്‍ദ്രത മദീനയുടെ മണ്ണിനെ പശിമയുള്ളതാക്കുന്നു.
അകലെയല്ലാതെയാണ് മസ്ജിദുസ്സജദ എന്നും മസ്ജിദുശ്ശുക്റ് എന്നും പേരുള്ള മസ്ജിദ് അബൂദര്‍റ്. പ്രവാചകന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്നവര്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സഹായവുമുണ്ടാകും എന്ന ആയത്ത് ഇറങ്ങിയ സന്തോഷവാര്‍ത്ത ലഭിച്ചതിന്റെ നന്ദിസൂചകമായി സുദീര്‍ഘമായി സുജൂദിലേര്പ്പെട്ട ഒരു തോട്ടത്തില്‍ പിന്നീടു പണിത പള്ളിയാണിത്. വാനലോകവും ഭൂലോകവും തമ്മില്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന പ്രദേശത്തുള്ള നില്പുപോലും അനുഗ്രഹദായകമായി.
ഖലീഫമാരായിരുന്ന അബൂബക്കർ സിദ്ദീഖിനോടും ഉമറുബ്നു ഖത്വാബിനോടും സലാം പറഞ്ഞതിന് ശേഷം പിന്നീട് പോയത് മദീനയിൽനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ഖൈബറിലേക്കാണ് അവിടെ എത്തിയപ്പോൾ നബിയുടെ തിരുപാദ സ്പർശമേറ്റ പുണ്യഭൂമിയിലാണ് നമ്മുടെ കാൽ പതിഞ്ഞത് എന്നതും അലിയുടെ ധീരതയിൽ വിജയിച്ച ഖൈബറ് യുദ്ധവും മനസ്സിൽ ഓടിയെത്തി.
അതിന് പുറമെ ഉമ്മഹാത്തുൽ മുഅ്മിനീൻ സ്വഫിയ്യ ബിൻത് ഹുയയ്യിന്റെ കൊട്ടാര മുറ്റത്താണ് നിൽക്കുന്നത്. പ്രവാചകന്റെ നിക്കാഹിന് സാക്ഷ്യം വഹിച്ച കൊട്ടാര മണ്ണിലാണ് നാം ചവിട്ടിയത്. ഹബീബിന്റെ ഭാര്യ വീട്ടിലേക്കാണ് നാം വന്നത്. ഇതെല്ലാം ഓർമയിൽ വരുത്തി യാത്രയുടെ അമീർ വിവരിക്കുമ്പോൾ മനസ്സ് 1400 വർഷത്തിന് അപ്പുറത്തേക്ക് കൊണ്ടുപോയി.
മൂസാ നബിയുടെ സഹോദരനായ ഹാറൂണിന്റെ സന്താന പരമ്പരയിൽപെട്ട മഹതി മാത്രമേ നബിയുടെ ഭാര്യമാരിൽ അനറബിയായിട്ട് ഉണ്ടായിരുന്നുള്ളൂ. ഹിജ്റ 50ാം വർഷം മുആവിയായുടെ ഭരണകാലത്ത് മഹതി പരലോകം പ്രാപിച്ചു. ബഖീഇലാണ് അവർ മറമാടപ്പെട്ടത്.
പഴയകാലത്ത് കൃഷിയിൽ പ്രസിദ്ധമായ ഒരു മരുപ്പച്ചയായിരുന്നത്രെ ഖൈബർ. സദ്ദുൽ ബിൻത് എന്നറിയപ്പെടുന്ന സ്വഹബാ അണക്കെട്ടും ഖൈബർ യുദ്ധക്കളവും ഖൈബർ കോട്ടയും പതിനേഴ് ശുഹദാക്കളുടെ മഖ്ബറയും കാണാൻ അവസരം ലഭിച്ചു. അവിടെ നിന്ന് സ്വഹബാ അണക്കെട്ടിനെ കുറിച്ച് വിശദമായി മനസ്സിലാക്കാനായി. ബൽക്കീസ് രാജ്ഞിയുടെ കാലത്ത് നിർമിച്ചതാണെന്നും അതല്ല അബ്ബാസിയ്യ ഖിലാഫത്ത് ഭരണകാലത്ത് നിർമിച്ചതാണന്നും രാജാവിന്റെ മകളാണ് അണക്കെട്ട് പുതുക്കിപ്പണിയാൻ നിർദേശം നൽകിയതെന്നും അതുകൊണ്ടാണ് ഇതിനെ സദ്ദുൽ ബിൻത് എന്ന് അറിയപ്പെടുന്നത് എന്ന അഭിപ്രായവും പ്രബലമാണ്.
പിന്നീട് പോയത് അൽ ഉലയിലേക്കായിരുന്നു. പോകുന്ന വഴിയിൽ അൽബൽ അൽ ഖദീമയും മസ്ജിദുൽ ഹിളാമും മിസ്സബ്നു നുസൈറിന്റെ കൊട്ടാരവും കോട്ടയും
മസ്ജിദ് സഹ്റയും നിബഹത്തിന്റെ ചരിത്രവും യാത്രയുടെ അമീർ പറത്തുതന്നു. അൽ ഉലാ പട്ടണത്തിലെ മ്യൂസിയത്തിൽ ശിലായുഗം മുതൽ അറേബ്യൻ സംസ്കാരങ്ങളുടെ പഴയകാല അവശിഷ്ടങ്ങൾ വരെ ഇവിടെ കണ്ടു. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ ആയുധങ്ങൾ അക്ഷരലിപികൾ മെഡിക്കൽ ഉപകരണങ്ങൾ അക്കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും ഇവിടെയുണ്ട്.
അൽ ഉലയുടെ നയന മനോഹര ദൃശ്യങ്ങളും വശ്യസുന്ദരമായ രംഗങ്ങളും ആസ്വദിച്ച് ഞങ്ങൾ പിന്നീട് അൽ ഹിജർ എന്നറിയപ്പെടുന്ന മദാഇൻ സാലിഹിലേക്ക് പോയി. മദീനയിൽ നിന്ന് 400 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന, അൽ ഉലയിൽ നിന്ന് 20 കിലോമീറ്റർ യാത്രാദൂരവുമാണ് ഇവിടേക്ക്. ഞങ്ങൾ അൽ ഉലയിൽ പോയതിനുശേഷമാണ് മദായിൻ സാലിഹിലേക്ക് പോയത്. പോകുന്ന വഴിയിൽ തന്നെ വിവിധ നിറത്തിലും തരത്തിലുമുള്ള മനോഹരമായ മലകൾ കാണാനായി ഖുർആനിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങൾ നേരിട്ട് കാണുക എന്നുള്ളത് ഞങ്ങളുടെ യാത്രയിലെ പ്രധാന ലക്ഷ്യമായിരുന്നു. അതുവഴി ഖുർആനിലെ ദൃഷ്ടാന്തങ്ങൾക്ക് സാക്ഷിയാവാനും സാധിച്ചു.
ഏകദേശം 5000 വർഷം മുമ്പ് പാറ തുരന്ന് വീടുണ്ടാക്കിയ അതിശക്തരായ ജനതയായിരുന്നു ഥമൂദ് ഗോത്രക്കാർ. മദാഇൻസാലിഹിലെ ഗുഹാമുഖങ്ങൾ പല രീതിയിലും ഭംഗിയിലുമാണ് നിർമിച്ചിരിക്കുന്നത്. കവാടങ്ങൾക്ക് മുകളിൽ ഒരു പരുന്തിന്റെ രൂപമുണ്ട്. ഇത് അവരെ രക്ഷിക്കും എന്നതായിരുന്നു അവരുടെ വിശ്വാസം. കൊള്ളയും കൊള്ളരുതായ്മകളുമായി അധാർമിക ജീവിതം നയിച്ച വിഗ്രഹാരാധകരായിരുന്നു ഥമൂദ് ഗോത്രം. ഇവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു സ്വാലിഹ് നബി. അമാനുഷികമായ എന്തെങ്കിലും ഒന്ന് സ്വാലിഹ് നബിയോട് കാണിച്ചുകൊടുക്കുവാൻ ഥമൂദ് ജനത ആവശ്യപ്പെട്ടു. ശുഐബ് നബി പ്രാർഥിച്ചതനുസരിച്ച് അല്ലാഹു പരീക്ഷണമായി ഒരു അസാധാരണ ഒട്ടകത്തെ പാറക്കിടയിൽനിന്ന് പുറപ്പെടുവിക്കുകയും അതിനെ വെള്ളത്താവളത്തിൽനിന്ന് വെള്ളം കുടിക്കാൻ എടുക്കാൻ ഒരു ദിവസം ഒട്ടകത്തിനും ഒരു ദിവസം ഥമൂദ് ജനതക്കും എന്ന് പ്രത്യക ഊഴം നിശ്ചയിച്ചിരുന്നു. ഇതവർക്ക് സഹിക്കാൻ പറ്റാതായി. അവർ ഒട്ടകത്തിനെ കുതികാൽ വെട്ടി കൊലപ്പെടുത്തി. അതു മൂലം ധിക്കാരികളും ആക്രമികളുമായ ഥമൂദ് സമൂഹത്തെ അല്ലാഹു ഒരു തരം ഘോര ശബ്ദവും ഭൂകമ്പവും ഇറക്കി അവരെ ശിക്ഷിച്ചു. പ്രവാചകനും സത്യവിശ്വാസികളും നേരത്തെ തന്നെ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ഒപ്പം നിൽക്കുന്നവരെ കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയി രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ടവർ 120 പേരും നശിച്ചു പോയവർ 5000 വീട്ടുകാരുമായിരുന്നുവെന്ന് ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഥമൂദ് ഗോത്രത്തിലെ കദ്ദാർ എന്ന അക്രമിയാണ് ഒട്ടകത്തെ കൊലപ്പെടുത്തിയത് എന്നതാണ് ചരിത്രം എന്ന് ശൈഖ് വിശദീകരിച്ചു
ഓട്ടോമൻ രാജാക്കന്മാരുടെ കാലത്ത് 1908 ൽ ദമസ്കസ് എന്ന സിറിയയിൽ നിന്ന് മദീനയിലെ ഹിജാസിലേക്ക് നിർമിച്ച റെയിൽപാത കാണാൻ പോയി ഇന്ത്യക്കാരനായ ഇൻഷാ അള്ളാഖാൻ ജർമൻകാരനായ എൻജിനീയറുടെ മേൽനോട്ടത്തിൽ 5000 ത്തോളം പേർ ജോലിചെയ്ത് നിർമിച്ചതാണ്. ഹിജാസ് റെയിൽവേ ഒന്നാം ലോകയുദ്ധകാലത്ത് തകർക്കപ്പെട്ട ഈ റെയിൽ പാത ശ്രമങ്ങൾ പലത് നടത്തിയിട്ടും ഇന്ന് വരെ പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് ഞങ്ങൾ പോയത് തൈമാഇന്റെ മടിത്തട്ടിലൂടെ തബൂക്കിലേക്കാണ് തബൂക്ക് കോട്ടയെ കുറിച്ചും മുആദിനെ കുറിച്ചും അയ്നു സിക്കറിക്കുറിച്ചും അമീർ വിശദീകരിച്ചു.
യൂസഫ് നബിയുടെ കിണറ്റിൽനിന്ന് കയറ്റി കൊണ്ടുപോയ സയ്യാറത്തി സംഘത്തെ അൽ ബദാഇൽ വെച്ച് പരിചയപ്പെട്ടു. ശുഐബ് നബിയുടെ ജനത മത്സരിച്ച് കച്ചവടം നടത്തിയ മഗായിർ ശുഐബ്, മുസല്ല ശുഐബ്, മുസല്ല മൂസ എന്നിവയും കണ്ടു. അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് മത്സരിച്ച് കച്ചവടം നടത്തിയ സമൂഹത്തെ പലവട്ടം താക്കീത് ചെയ്തിട്ടും അതനുസരിക്കാതെ എതിർക്കുകയും ശുഐബ് നബിയെ ധിക്കരിക്കുകയും കളവാക്കുകയും ചെയ്തത് കാരണം അല്ലാഹുവിന്റെ ശിക്ഷ ചോദിച്ച് വാങ്ങിയ ചരിത്രവും അമീർ വിവരിച്ചു.
ശേഷം മാഉമദ്യനിലേക്കും മഖ്നയിലും മൂസ നബി, ശുഐബ് നബിയുടെ പെൺകുട്ടികൾക്ക് വെള്ളം കൊണ്ടുപോകാൻ സഹായിച്ച സ്ഥലവും കണ്ടു. മൂസ നബി അല്ലാഹുവുമായി സംസാരിച്ച സീനായ് പർവതവും ദൂരെനിന്ന് കണ്ടു. അഖ്ബാ ഉൾക്കടലും സൂയസ് കനാലും ചെങ്കടലും പരിചയപ്പെടുത്തി യാത്രയിലുടനീളം കുഞ്ഞുമക്കളുടെ പാട്ടുകളും മുതിർന്നവർക്കായി യാത്രാവേളയിൽ സംസാരിച്ച വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരവും പ്രഭാത, പ്രദോഷ പ്രാർഥനകൾ നടത്തിയതും യാത്രാരംഭത്തിലും അവസാനിപ്പിക്കുമ്പോഴും ഇടക്ക് വഴിയിൽ ഇറങ്ങുമ്പോഴും ചെല്ലാൻ പ്രാർഥന പഠിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. പിന്നീട് ഞങ്ങൾ പോയത് ഹഖലിലേക്കാണ്. അവിടെനിന്ന് കൊണ്ട് ഒറ്റ കാഴ്ചയിൽ ഈജിപ്തിന്റെയും ഇസ്രായേലിന്റെയും ജോർഡനിന്റെയും രാജ്യാതിർത്തികൾ ഒരുമിച്ച് കാണാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.