റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ‘ജീവസ്പന്ദനം’ ശീർഷകത്തിൽ നടന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിൽ ആയിരങ്ങൾ പങ്കെടുത്തു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ചേർന്ന് ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്യാമ്പ് രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചു മണി വരെ നീണ്ടുനിന്നു. അഞ്ചു മണിയോടെ രജിസ്ട്രേഷൻ അവസാനിപ്പിച്ചെങ്കിലും രക്തദാതാക്കളുടെ തിരക്ക് തുടർന്നുകൊണ്ടിരുന്നു. കേളിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകർക്കു പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ബംഗ്ലാദേശ്, പാകിസ്താൻ, സിറിയ, യമൻ, ജോർഡൻ, ഫിലിപ്പീൻസ്, നേപ്പാൾ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽനിന്നുമായി 1007 പേർ ക്യാമ്പിൽ പങ്കാളികളായി.
സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സൗദി ആരോഗ്യ മന്ത്രാലയത്തിലെ 45 മെഡിക്കൽ സ്റ്റാഫും 35 ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുത്തേരി നേതൃത്വം നൽകി. രണ്ടു ബസുകളിലായി 25 യൂനിറ്റുകളും എട്ട് മൊബൈൽ യൂനിറ്റുകളിലുമായി 33 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്നതിനുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്. ആറാമത് ക്യാമ്പ് അവസാനിച്ചതോടെ കേളി 8500 യൂനിറ്റിലധികം രക്തം വിവിധ ഘട്ടങ്ങളിലായി നൽകിക്കഴിഞ്ഞു.
ക്യാമ്പിന്റെ വിജയത്തിനായി നാസർ പൊന്നാനി, ജാർനെറ്റ് നെൽസൻ വൈസ് ചെയർമാന്മാർ, അലി പട്ടാമ്പി കൺവീനർ, സലീം മടവൂർ ജോയന്റ് കൺവീനർ എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി പ്രവർത്തിച്ചു. സമാപന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ നാസർ പൊന്നാനി ആമുഖപ്രഭാഷണം നടത്തി. കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ ഇ.എന്‍.ടി സ്പെഷലിസ്റ്റും അസോസിയേറ്റ് കൺസൽട്ടന്റുമായ ഡോ. ജോസ് ക്ലീറ്റസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുത്തേരി, ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍മാരായ ഹിഷാം അല്‍ ഒഷിവാന്‍, അലി അല്‍ സനയാദി എന്നിവർ സംസാരിച്ചു. കേളിക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് മുഹമ്മദ് ഫഹദ് അല്‍ മുത്തേരിയിൽനിന്ന് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടു തവണ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് പശ്ചാത്തല സൗകര്യം ഒരുക്കിയ ലുലു ഹൈപ്പർ മാർക്കറ്റിനുള്ള കേളിയുടെ ഉപഹാരം ലുലു മലാസ് ബ്രാഞ്ച് മാനേജർ ആസിഫിന് കേളി സെക്രട്ടറി കൈമാറി. സംഘാടക സമിതി കണ്‍വീനര്‍ അലി പട്ടാമ്പി സമാപന ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.