റിയാദ്: അധ്യാപകനും ഇസ്ലാഹി പ്രവർത്തകനും പണ്ഡിതനുമായ പ്രവാസി മലയാളി അബ്ദുൽ ഖയ്യൂം ബുസ്താനിയെ മക്കയിലെ മസ്ജിദുൽ ഹറാമിൽ ഹറം കാര്യവകുപ്പ് ആദരിച്ചു. തെരഞ്ഞുടക്കപ്പെട്ട പണ്ഡിതന്മാർക്ക് ഹറം അധികൃതർ നൽകിവരുന്ന പ്രത്യേക ആതിഥ്യസൽക്കാരത്തിലാണ് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യൂം ബുസ്താനിക്ക് ഈ ബഹുമതി. ആദ്യമായിട്ടാണ് റിയാദിൽനിന്നും ഒരു മലയാളിയെ പ്രത്യേകം ക്ഷണിച്ച് വരുത്തി ഇത്തരത്തിൽ ആദരിക്കുന്നത്.
ദീർഘകാലമായി റിയാദിലുള്ള അദ്ദേഹം 25 വർഷമായി സ്ഥിരം ഹജ്ജ് അമീറായി കർമങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ സീനിയർ സെക്കൻഡറി ചിത്രകലാ അധ്യാപകനായിരുന്നു. കൊടുങ്ങല്ലൂർ ഗവ. മോഡൽ ഗേൾസ് സ്കൂൾ, അന്തമാൻ നികോബർ ദ്വീപുകളിലെ സ്കൂളുകൾ, മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള നവോദയ സ്കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം സൗദിയിലെത്തുന്നത്.
2017ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായി. തുടർച്ചയായ 20 വർഷം 100 ശതമാനം വിജയികളെ സ്കൂളിന് സമ്മാനിച്ചതിനുള്ള മികവിനാണ് ദേശീയ ബഹുമതി തേടി വന്നത്. തൃശൂർ സ്കൂൾ ഓഫ് ഫൈനാർട്സിലെ റാങ്ക് ജേതാവായ ഇദ്ദേഹം നിരവധി ചിത്രകല പ്രദർശനങ്ങൾ ഇന്ത്യയിലും പുറത്തും നടത്തിയിട്ടുണ്ട്. 2008ൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്തോ സൗദി സൗഹൃദമെന്ന ശീർഷകത്തിൽ ഇന്ത്യൻ എംബസിയിലും ഇൻറർ കോണ്ടിനെൻറൽ ഹോട്ടലിലും റിയാദിലെ മറ്റ് വേദികളിലും നടത്തിയ പ്രദർശനം കലാപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എഴുത്തുകാരൻ കൂടിയായ ഇദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങളും ലഘുലേഖകളും പരിഭാഷകളും സൗദി ഇസ്ലാമിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുർആൻ പഠനം എളുപ്പമാക്കുന്ന വിധം വിഡിയോ ക്ലാസുകളടങ്ങുന്ന യൂട്യൂബ് ചാനൽ ‘ലേൺ ദ ഖുർആന്റെ’ പേരിലുണ്ട്.
ഖുർആൻ സാരസഹിതം പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മാതൃകാ ഖുർആൻ മെമ്മറൈസേഷൻ സ്കൂളിലെ കുട്ടികളുടെ മക്ക ഹറമിലെ പ്രകടനമാണ് ആദരവിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെടാൻ കാരണമായത്. മത, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം നിറസാന്നിധ്യമാണ്. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി, കാൾ ആൻഡ് ഗൈഡൻസ് ഓഫിസുകളിലെ പ്രബോധകൻ, റിയാദ് കെ.എം.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രവാസികൾക്കും സാധാരണക്കാർക്കും കുടുംബങ്ങൾക്കും ഖുർആൻ പഠിക്കുന്നതിന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ 2000 മുതൽ അദ്ദേഹം നടപ്പാക്കിയ ‘ലേൺ ദ ഖുർആൻ’ പാഠ്യപദ്ധതി ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.
ലേൺ ദ ഖുർആൻ ഡയറക്ടറായി സേവനം തുടരുകയാണ്. ഇന്ത്യൻ സ്കൂളിലെ അധ്യാപക കൂടിയായ ഭാര്യ ത്വാഹിറ ടീച്ചറോടൊപ്പം കുടുംബസമേതം റിയാദിലെ റൗദയിലാണ് താമസം. മക്കളായ അമീൻ അബ്ദുൽ ഖയ്യും, അമീർ അബ്ദുൽ ഖയ്യൂം എന്നിവർ റിയാദിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നു. പെൺമക്കൾ മർയം, മൂഉമിന എന്നിവർ റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി വിദ്യാർഥിനികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.