ജിദ്ദ: 'ജിദ്ദ ഉച്ചകോടി' അറബ്, ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും സഹകരണത്തിന്റെ പുതിയ യുഗം സ്ഥാപിക്കലുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തിൽ 'സുരക്ഷയും വികസനവും' എന്ന പേരിൽ ജിദ്ദയിൽ നടന്ന അറബ്-ഗൾഫ്-യു.എസ് ഉച്ചകോടിയിൽ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് അധ്യക്ഷപ്രസംഗം നടത്തവേയാണ് അദ്ദേഹം പുതിയ നീക്കങ്ങളിൽ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത്.
അമേരിക്കൻ പ്രസിഡന്റിനെ കൂടാതെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ ഭരണാധികാരികൾ, ജോർദാൻ, ഈജിപ്ത്, ഇറാഖ് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാർ എന്നിവരാണ് ജിദ്ദയിൽ ശനിയാഴ്ച ഉച്ചക്ക് ശേഷം നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്. നമ്മുടെ പൊതുതാൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും ലോകമെമ്പാടുമുള്ള സുപ്രധാന മേഖലയിലെ സുരക്ഷയും വികസനവും വർധിപ്പിക്കുന്നതിനും കോവിഡ് കാരണം ലോകം അടുത്തിടെ അഭിമുഖീകരിച്ച പ്രധാന വെല്ലുവിളികളും ഭൗമരാഷ്ട്രീയ സാഹചര്യവും ആഗോള സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിനും ഭക്ഷ്യ-ആരോഗ്യ സുരക്ഷ കൈവരിക്കുന്നതിനും കൂടുതൽ യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങൾ ആവശ്യപ്പെടുകയാണെന്നും സൗദി കിരീടാവകാശി പറഞ്ഞു.
ലോകം ഇപ്പോൾ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ, പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന് ആ പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. കൂടുതൽ സുസ്ഥിര ഊർജ സ്രോതസ്സുകളിലേക്കുള്ള ക്രമാനുഗതവും ഉത്തരവാദിത്തമുള്ളതുമായ പരിവർത്തനത്തിലൂടെ സന്തുലിത സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഊർജത്തിന്റെ പ്രധാന സ്രോതസ്സുകൾ ഒഴിവാക്കി കാർബൺ നിർഗമനം കുറയ്ക്കുന്നതിന് യാഥാർഥ്യബോധമില്ലാത്ത നയങ്ങൾ സ്വീകരിക്കുന്നത് വരും വർഷങ്ങളിൽ അഭൂതപൂർവമായ പണപ്പെരുപ്പത്തിലേക്കും ഊർജ വിലയുടെ ഉയർച്ചയിലേക്കും തൊഴിലില്ലായ്മയുടെ വർധനവിലേക്കും നയിക്കുമെന്നും സാമൂഹികപ്രശ്നങ്ങൾ ഗുരുതരമാക്കുമെന്നും സുരക്ഷാപ്രശ്നങ്ങൾ രൂക്ഷമാക്കുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.