ബുറൈദ: ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന ശീർഷകത്തിൽ സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി എം.ജി.എം ബുറൈദ വനിതസമ്മേളനം സംഘടിപ്പിച്ചു.
ഒരു സുരക്ഷിത സമൂഹത്തെ വാർത്തെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും കുടുംബ ജീവിതത്തിൽ ധാർമികത സൃഷ്ടിക്കുന്നതിൽ സ്ത്രീകളാണ് മുഖ്യപങ്ക് വഹിക്കേണ്ടതെന്നും അതുവഴി സുരക്ഷിത സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത അൽഖസീം യൂനിവേഴ്സിറ്റി അസി.പ്രഫസർ ഡോ. ഷക്കീല യൂസുഫ് സംസാരിച്ചു.
രഹന പത്തറക്കൽ അധ്യക്ഷത വഹിച്ചു. സുരക്ഷിത സമൂഹത്തിന്റെ വളർച്ചക്ക് വിദ്യാർഥികളുടെ ധാർമികബോധം വളർന്നുവരേണ്ടതാണെന്നും അതിനു വേണ്ടി രക്ഷിതാക്കളും അധ്യാപകരും ധാർമിക ബോധത്തിലൂടെ പുതുതലമുറയെ വാർത്തെടുക്കണമെന്നും ബുറൈദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപികയും എം.ജി.എം പ്രവർത്തകയുമായ റൈഹാനത്ത് ടീച്ചർ പറഞ്ഞു.
സമൂഹത്തിലെ അധാർമിക പ്രവർത്തനങ്ങളിൽനിന്നും മദ്യം, മയക്കമരുന്ന് എന്നീ ലഹരി ഉപയോഗത്തിൽനിന്നും സമൂഹത്തെ ബോധവത്കരിക്കാൻ വേണ്ടി സ്ത്രീ സമൂഹം സംഘടിതമായി മുന്നോട്ട് വരണമെന്നും സൗദ ടീച്ചർ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഇവർ. കെ.എം.സി.സി വനിത വിങ് പ്രതിനിധി നജ്മ, പ്രവാസി സംഘം കുടുംബ വേദി പ്രതിനിധി സമീറ ടീച്ചർ, ഡോ. ആയിശ എന്നിവർ സംസാരിച്ചു. ലാമിയ താജ് ഖുർആൻ പാരായണം നിർവഹിച്ചു. ശഫീന ടീച്ചർ സ്വാഗതവും ഹൈഫ സക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.