ജിദ്ദ: സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത് നാട്ടിൽ ലീവിന് പോയവർ തിരിച്ച് വരുമ്പോൾ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമെന്ന് സൗദി എയർലൈൻസ്. ചിലരുടെ അന്വേഷണങ്ങൾക്ക് തവക്കൽനാ ആപ്ലിക്കേഷനും സമാന രീതിയിൽ കഴിഞ്ഞ ദിവസം ഇതേ മറുപടി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ സിവിൽ ഏവിയേഷൻ അതോറ്റിയുടെ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്തംബറിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം ഒരു ഡോസ് സ്വീകരിച്ച് 'തവക്കൽനാ' ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടിയവർക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കാം. ഇവർക്ക് സൗദിയിൽ ക്വാറൻറീൻ ആവശ്യമില്ല. സൗദി യാത്രാനിരോധനം ഏർപ്പെടുത്താത്ത മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയാൽ മതി. ഇതേ രീതിയിൽ സൗദിയിലേക്ക് പ്രവാസികളെത്തിയിട്ടുണ്ട്. എന്നാൽ സൗദി എയർലൈൻസ് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ച് ഇമ്യൂണായവർക്കും രാജ്യത്ത് പ്രവേശിച്ചാൽ ക്വാറൻറീൻ വേണം. തവക്കൽനാ ആപ്ലിക്കേഷൻ അധികൃതരോട് അന്വേഷിച്ചപ്പോഴും സമാന രീതിയിലാണ് മറുപടി ലഭിക്കുന്നത്.
ഇതോടെ ഒരു ഡോസ് മാത്രം സ്വീകരിച്ച് ഇമ്യൂണായവർ ആശങ്കയിലാണ്. ചിലരെ ഇക്കാരണത്താൽ വിമാനത്താവളത്തിൽ നിന്നും മടക്കുകയും ചെയ്തിരുന്നു. ഇതിൽ പക്ഷേ, സൗദി ആഭ്യന്തര മന്ത്രാലയമോ സിവിൽ ഏവിയേഷനോ പൊതു സമൂഹത്തിനായി പ്രത്യേക അറിയിപ്പൊന്നും നൽകിയിട്ടില്ല. അതെസമയം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂണായവർക്ക് സൗദിയിൽ ക്വാറൻറീൻ ആവശ്യമില്ല. ഇവരുടെ ൈകയ്യിൽ തവക്കൽനാ ആപ്പില്ലെങ്കിൽ യാത്രക്ക് മുന്നേയുള്ള രജിസ്ട്രേഷെൻറ പ്രിൻറിൽ ഇക്കാര്യമുണ്ടായാലും യാത്ര ചെയ്യാം.
ഒക്ടോബർ 10 മുതൽ വിമാനത്താവളമുൾപ്പെടെ രാജ്യത്ത് എവിടെയും പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന നിബന്ധന പ്രാബല്യത്തിലാകും. എന്നാൽ വിദേശത്തു നിന്നും എത്തുന്നവർക്ക് ഇത് ബാധകമല്ല. ഇവർക്ക് ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാൽ മതി. ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂണായവർക്കും സൗദിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുമെന്ന പ്രതീക്ഷിയാണ് പ്രവാസികൾ.
ഫോട്ടോ: tawakkalna
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.