ദമ്മാം: പോക്കറ്റിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും, മലയാളിയുടെ കീശയിൽനിന്ന് വൻ തുക കവർന്നു. നടന്നുപോകുേമ്പാൾ മുന്നിൽ കടന്ന് മുറുക്കി തുപ്പുകയും പിന്നാലെ വന്നയാളുടെ ശരീരത്തിൽ തെറിച്ചു എന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് അത് തുടച്ചുകളയാനെന്ന വ്യാജേന അടുത്തുകൂടി കീശയിൽനിന്ന് പഴ്സ് കവരുന്ന തട്ടിപ്പിനാണ് ദമ്മാമിൽ കൊല്ലം ചവറ തേവലക്കര സ്വദേശി നിയാസ് ഇരയായത്.
ദമ്മാമിലെ ഡ്രൈ ഫ്രൂട്സ് കമ്പനിയിൽ സെയിൽസ്മാനാണ് നിയാസ്. കമ്പനിയിൽ അടക്കാനുള്ള പ്രതിദിന കളക്ഷൻ തുകയാണ് പോക്കറ്റടിക്കാരൻ കവർന്നത്. ശനിയാഴ്ചയാണ് സംഭവം. ദമ്മാം ടയോട്ടയിലെ വെജിറ്റബിൽ മാർക്കറ്റിനടുത്തുള്ള ഓഫീസിലേക്ക് പോകാൻ രാവിലെ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങി നടക്കുേമ്പാഴാണ് അറബ് വംശജനായ ജീൻസും ടീർഷർട്ടും ധരിച്ച് തോളിൽ ഷാൾ ചുറ്റിയ ഒരാൾ പിന്തുടർന്നത്. ഇയാൾ അതിവേഗം നടന്ന് മുന്നിൽ കടന്നു. നടക്കുന്നതിനിടെ അപ്രതീക്ഷിതമായി പുറകിലേക്ക് നീട്ടി തുപ്പി. വായിൽനിന്ന് വെറ്റിലയും പാക്കും കലർന്ന മിശ്രിതം നിയാസിെൻറ വസ്ത്രങ്ങളിലാകെ പടർന്നു. അറിയാതെ പറ്റിപ്പോയതാണ് ക്ഷമിക്കണം എന്ന പറഞ്ഞ് പിന്നിലേക്ക് ഓടിവന്ന അയാൾ തോളിൽനിന്ന് ഷാൾ എടുത്ത് തുപ്പൽ തുടച്ചുകൊടുക്കാൻ ശ്രമിച്ചു. ആകെ സ്തംഭിച്ചുപോയ നിയാസ് ഇയാളെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അത് വകവെക്കാതെ ഷാൾ െകാണ്ട് തുടയ്ക്കുന്നത് അയാൾ തുടർന്നു.
ആകെ ദേഷ്യത്തിലായ നിയാസ് ഇയാളെ വീണ്ടും തള്ളിമാറ്റിയതോടെ അയാൾ റോഡ് മുറിച്ചു കടക്കുകയും, പെട്ടെന്ന് അവിടെ എത്തിയ കാറിൽ കയറി സ്ഥലം വിടുകയും ചെയ്തു. ഒടുവിൽ ഓഫീസിലെത്തി പാൻറിെൻറ പോക്കറ്റ് തപ്പിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പഴ്സിൽ 12,561 റിയാലാണ് ഉണ്ടായിരുന്നത്. അത് മുഴുവൻ നഷ്ടമായി. ബാക്കി പണം മറ്റ് രണ്ട് പോക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് അത് പോയില്ല. ഉടൻ തന്നെ സമീപത്തെ കടകളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ കാറിൽ വന്നിറങ്ങുന്നതും മറികടന്ന് പോകുന്നതും തുപ്പിയതുമൊക്കെ ആസൂത്രിതമാണെന്ന് തിരിച്ചറിഞ്ഞത്. ഷാളുകൊണ്ട് ശരീരം തുടക്കുന്ന കൂട്ടത്തിൽ അതി വിദഗ്ധമായി ഇയാൾ പഴ്സ് കൈക്കലാക്കുന്നതും ദൃശ്യത്തിൽ കാണാം.
വാൻ സെയിൽസിന് പോകുന്ന നിയാസിെൻറ പക്കൽ പലപ്പോഴും ലക്ഷത്തിലധികം റിയാൽ കളക്ഷനായി കാണാറുള്ളതാണ്. പണം കൈയ്യിലുള്ളതിനാൽ വളരെ ശ്രദ്ധിച്ചാണ് ഓഫീസിലേക്ക് വരുന്നതും. എന്നാൽ ഇത്തരം തട്ടിപ്പ് 20 വർഷമായി ഗൾഫിലുള്ള താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിയാസ് പറഞ്ഞു. പലപ്പോഴും രാത്രിയിലൊക്കെയാണ് വലിയ തുകകളുമായി ദമ്മാമിൽ എത്തുക. ദീർഘകാല പരിചയമുള്ള താനൊന്നും കബളിപ്പിക്കപ്പെടില്ല എന്ന വിശ്വാസമാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിലൂടെ ഇല്ലാതായതെന്ന് നിയാസ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തെൻറ കൈയ്യിൽ പണമുണ്ടാകുമെന്ന് കൃത്യമായി ബോധ്യമുള്ള ആരോ ആണ് തട്ടിപ്പിന് പിന്നിലെന്നാണ് കരുതുന്നതെന്നും നിയാസ് പറഞ്ഞു. ഉടൻ സ്പോൺസറുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
തുപ്പുകയോ കാലിൽ തട്ടി വീഴ്ത്തുകയോ ചെയ്തിട്ട് മാപ്പുചോദിക്കാനെന്ന വ്യാജേന കെട്ടിപ്പിടിച്ച് പോക്കറ്റടിക്കുന്ന സംഭവങ്ങൾ മുമ്പും വ്യാപകമായിരുന്നു. ഇടക്കാലത്ത് ഇതിന് കുറവ് വന്നിരുന്നു. ഇപ്പോൾ വീണ്ടും പഴയ തന്ത്രങ്ങളുമായി കവർച്ചക്കാർ സജീവമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.