റിയാദ്: വർണവിസ്മയക്കാഴ്ചകളും പുതുമയാർന്ന വിനോദങ്ങളുമൊരുക്കി പ്രവർത്തനമാരംഭിച്ച റിയാദിലെ ബോളിവാർഡ് വിനോദനഗരത്തിലേക്ക് കാണികളുടെ പ്രവാഹം. തിങ്കളാഴ്ച വൈകീട്ടാണ് റിയാദ് സീസൺ പരിപാടിയുടെ ഭാഗമായി റിയാദ് നഗരത്തിെൻറ വടക്ക് ഹിതീൻ ഡിസ്ട്രിക്റ്റിലൊരുക്കിയ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രവും വലിയ ഇവൻറ് ഏരിയയുമായ ബോളിവാർഡ് സിറ്റി കാണികൾക്കായി ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി തുറന്നുകൊടുത്തത്.
ആദ്യ ദിവസംതന്നെ സ്വദേശികളും വിദേശികളുമായി നിരവധി ആളുകളാണ് ദൃശ്യാവിഷ്കാരങ്ങളും വിനോദപരിപാടികളും ആസ്വദിക്കാനെത്തിയത്. സൗദി വിനോദമേഖലയിൽ ഈ വർഷത്തെ ഏറ്റവും പുതിയ നാഴികക്കല്ലായാണ് ബോളിവാർഡ് വിനോദനഗരത്തെ റിയാദ് സീസൺ സംഘാടകർ വിശേഷിപ്പിച്ചത്. വർഷം മുഴുവനും അതിലെ സൗകര്യങ്ങൾ പൂർണമായി ഉപയോഗിക്കാനാവുമെന്നതാണ് സവിശേഷത.
റിയാദ് നഗരത്തെ സന്ദർശകരുടെ ആദ്യ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനായി നിർമിച്ച ഇൗ അസാധാരണ പദ്ധതി നടപ്പാക്കിയിരിക്കുന്നത് 9,00,000 ചതുരശ്ര മീറ്ററിലാണ്. മുൻ സീസണിൽ ഉണ്ടായിരുന്നതിനേക്കാൾ വിസ്തീർണം മൂന്നിരട്ടി വർധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് പ്രദേശത്തേക്ക് കാണികളുടെ പ്രവാഹം തുടങ്ങിയ സമയത്ത് പൊതുവിനോദ അതോറിറ്റി തലവൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ട്വിറ്ററിൽ സോഷ്യൽ ബോളിവാർഡ് സിറ്റിയുടെ മാപ് പോസ്റ്റ് ചെയ്തിരുന്നു.
ഇത് സന്ദർശകർക്ക് പ്രദേശത്തെത്താനും ബോളിവാർഡ് സിറ്റിക്കുള്ളിൽ ചുറ്റിക്കറങ്ങുന്നത് എളുപ്പമാക്കാനും സഹായിച്ചു.
കാണികൾക്ക് അനുഭവങ്ങളാൽ സമ്പന്നമായ ഒമ്പതു മേഖലകളാണ് ബോളിവാർഡ് സിറ്റിക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ-പാനീയ കടകൾ, ഗെയിമുകൾ, ജലധാര, സ്പോർട്സ് എന്നിവക്കുള്ള ഏരിയകൾ, ഗംഭീരവും ആകർഷകവുമായ ന്യൂയോർക്കിലെ 'ടൈം സ്ക്വയറി'ൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 30 മീറ്ററിലധികം ഉയരത്തിൽ സ്ക്രീനുകളാൽ അലങ്കരിച്ച ബോളിവാർഡ് റിയാദ് സിറ്റി സ്ക്വയർ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിനോദ അനുഭവങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്. 30 വൈവിധ്യ അനുഭവങ്ങൾ പ്രദാനംചെയ്യുന്ന ഗാർഡൻ ഡിസ്ട്രിക്റ്റുണ്ട്.
സിറ്റിയിലെത്തുന്നവർക്ക് കലാകാരന്മാരുടെ സംഗീതം ആസ്വദിക്കാനാവുന്ന ഏരിയയുമുണ്ട്. സ്പോർട്സ് ഏരിയ, അൽഹിലാൽ, അൽനാസർ ഫുട്ബാൾ ക്ലബുകളുടെ ആരാധകർക്കുള്ള കഫേകൾ, മറ്റ് നിരവധി കായിക അനുഭവങ്ങൾക്കുള്ള വേദികൾ എന്നിവയും സിറ്റിയിലുണ്ട്. റസ്റ്റാറൻറുകൾ, കഫേകൾ, അന്താരാഷ്ട്ര, പ്രാദേശിക സ്റ്റോറുകൾ എന്നിങ്ങനെ 102ലധികം വ്യാപാരസ്ഥാപനങ്ങളുമുണ്ട്.
ലേസർ ലൈറ്റുകളുടെയും നിറങ്ങളുടെയും സംഗീതത്തിെൻറയും അകമ്പടിയോടെ നൃത്തമാടുന്ന ജലധാരയാണ് ബോളിവാർഡ് സിറ്റിയിൽ സന്ദർശകരെ ആകർഷിക്കുന്നത്.
കൂടാതെ ക്രിസ്റ്റൽ മെയ്സ് എക്സ്പീരിയൻസ്, സ്ക്രൂസ് എക്സ്പീരിയൻസ്, സ്ലേറ്റ് ഓഫ് ഹാൻഡ് ചാമ്പ്യൻസ്, സ്നോ ഡോം, ഗോൾഫ്, ടാലൻറ് ബോളിവാർഡ് എന്നീ പേരുകളിൽ കലാവൈജ്ഞാനിക വിനോദപരിപാടികളും 25 സ്ക്രീനുള്ള പശ്ചിമേഷ്യയിലെ വലിയ സിനിമ തിയറ്ററും സിറ്റിയിലുണ്ട്. വിപുലമായ സൗകര്യങ്ങളാണ് സന്ദർശകർക്കായി സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും വൈകീട്ട് അഞ്ചു മുതൽ പുലർച്ചെ നാലു വരെയാണ് സന്ദർശന സമയം. 10,000 ത്തിലധികം കാറുകൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.