സൗദി ബാലൻ അനസ് അൽ ശഹ്രിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് വധശിക്ഷ കാത്ത് 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവൻ രക്ഷിക്കാൻ ദിയാധനം നൽകുന്നതിനായി ലോകമെമ്പാടുമുള്ള മലയാളി സമൂഹം കൈകോർത്ത ദിനരാത്രങ്ങളാണ് കടന്നുപോയത്. തൂക്ക് കയർ ഉറപ്പായി ജയിലിൽ കഴിയുന്ന ഒരു മനുഷ്യന്റെ ജീവന് നൽകേണ്ട 34 കോടി രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വപ്നം കാണാൻ കഴിയുന്നതിലപ്പുറമായിട്ടും തുക എന്നത് വെറും ഒരു നമ്പർ മാത്രമാണെന്ന് മനുഷ്യത്വം മരവിക്കാത്ത മതേതര മലയാളി സമൂഹം ഒരിക്കൽ കൂടി തെളിയിച്ച നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ സഞ്ചരിച്ചത്. സെക്കൻഡുകൾ കൊണ്ട് ആപ്ലിക്കേഷൻ സ്ക്രീനിൽ ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും മാറിമറിഞ്ഞ് തുക മുന്നേറുന്നത് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ ഒറ്റക്കെട്ടാണ് എന്ന യാഥാർഥ്യം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
ജാതി, മത, വർഗ, വർണ, പ്രായ, രാഷ്ട്രീയ കക്ഷി ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങിയപ്പോൾ 34 കോടി രൂപ മലയാളിക്ക് സ്വരൂപിക്കാൻ അധിക ദിവസങ്ങൾ വേണ്ടിവന്നില്ല എന്നത് ഓരോ മലയാളിക്കും അഭിമാന നിമിഷം കൂടിയാണ്. ഇനി ആരും പണം അയക്കേണ്ടതില്ലെന്ന് സഹായ സമിതിക്ക് പറയേണ്ടി വരുമ്പോൾ അത് നമ്മുടെ വിജയം കൂടി ആണ്. മതത്തിന്റെ പേരിൽ പൗരത്വം നിശ്ചയിക്കാൻ നമ്മുടെ നാട്ടിൽ നിയമനിർമാണങ്ങൾ നടക്കുന്ന വർത്തമാന കാലത്ത്, ഇഷ്ടപ്പെട്ടത് ഭക്ഷിച്ചതിന്റെ പേരിൽ, വസ്ത്രം ധരിച്ചതിന്റെ പേരിൽ ആക്രമണം നേരിടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത്, കോടതികൾ പോലും ഇല്ല എന്ന് അടിവരയിട്ടു പറഞ്ഞ 'ലവ് ജിഹാദ്' പോലത്തെ സംഭവങ്ങൾ ഒരു മതത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാൻ സിനിമകൾ ആയി ഇറക്കി വർഗീയ വേർതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ കോപ്പുകൂട്ടുന്ന ആളുകളോട് ഒന്നേ പറയുന്നുള്ളൂ, നിങ്ങളുടെ വർഗീയതക്ക് തകർക്കാനാവാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളം. ഇവിടെ നിങ്ങളുടെ ജല്പനങ്ങൾക്ക് സ്ഥാനമില്ല. മാറിനിൽക്കങ്ങോട്ട്.
ഷബീർ കൊപ്പം
ദമ്മാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.