ജിദ്ദ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണക്കായി മലപ്പുറം പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ഏർപ്പെടുത്തിയ ഹൈദരലി ശിഹാബ് തങ്ങൾ പ്രഥമ സേവനരത്ന പുരസ്കാരത്തിന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ തെരഞ്ഞെടുത്തു. ജൂലൈ രണ്ടിന് ശനിയാഴ്ച വൈകീട്ട് ആറിന് പെരുവള്ളൂർ കാടപ്പടി സോഫിയ ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ, പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽഎ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, പി.കെ. ഫിറോസ് തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. രണ്ടു തവണ കേരള വിദ്യാഭ്യാസ മന്ത്രിയും ദീർഘകാലം നിയമസഭ സാമാജികനും പാർലമെന്റ് അംഗവുമായിരുന്ന ഇ.ടി. മുഹമ്മദ് ബഷീർ വിവിധ സി.എച്ച് സെൻററുകളുടെ ചെയർമാനും നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവുമാണ്. എസ്.എം.എ ബാധിതനായ കുട്ടിയുടെ കോടികൾ വിലവരുന്ന മരുന്നിന് ഭീമമായ നികുതി ഇളവു ചെയ്യുന്നതിനുവേണ്ടി കേന്ദ്ര സർക്കാറിൽ ഇടപെടൽ നടത്തി അനുകൂല തീരുമാനം എടുത്ത് നികുതി കുറച്ചത് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം, ചൂലൂർ സി.എച്ച് സെന്ററുകൾക്ക് നേതൃത്വം നൽകുന്നതുൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. പി. അബ്ദുൽ ഹമീദ് എം.എൽ.എ, പി. സുരേന്ദ്രൻ, വി.പി. അബ്ദുൽ ഹമീദ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.