റിയാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന സംഭാവന സമാഹരണത്തിൽ റെക്കോഡ് സ്ഥാപിച്ച് സൗദി അറേബ്യയുടെ ദേശീയ സംഭാവന സമാഹരണ ഡിജിറ്റൽ സംവിധാനമായ ‘ഇഹ്സാൻ’.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടി. ഇഹ്സാൻ പ്ലാറ്റ്ഫോം റിയാദിൽ സംഘടിപ്പിച്ച മൂന്നാം വാർഷിക അഭ്യുദയകാംക്ഷികളെ ആദരിക്കൽ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ റമദാനിലെ 27ാം രാവിൽ 24 മണിക്കൂറിനുള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ‘ഇഹ്സാൻ’ വഴി സംഭാവന നൽകിയത് 5,58,000 പേരാണ്. ഇതിലൂടെ 4,76,000 ദരിദ്രർക്ക് പ്രയോജനം ലഭിച്ചു. ഇതാണ് ഇഹ്സാൻ പ്ലാറ്റ്ഫോമിനെ ഗിന്നസ് വേൾഡ് റെക്കാഡിന് അർഹമാക്കിയത്.
ആദരിക്കൽ ചടങ്ങിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് മുഖ്യാതിഥിയായി. നിരവധി അമീറുമാർ, മന്ത്രിമാർ, പണ്ഡിതന്മാർ, പ്രമുഖ മനുഷ്യസ്നേഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. ജീവകാരുണ്യ മേഖലയെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനും സംഭാവനകൾ അർഹിക്കുന്നവരിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും അതിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിന് കൂടുതൽ പദ്ധതികൾ പ്ലാറ്റ്ഫോമിന് കീഴിൽ നടപ്പാക്കി വരുകയാണ്.
2021ലാണ് ഇഹ്സാൻ ആരംഭിച്ചത്. 10 കോടിയിലധികം പേർ ഇതുവഴി സംഭാവനകൾ നൽകി. 480 കോടി റിയാലാണ് ഇങ്ങനെ സംഭാവനയായി എത്തിയതെന്നും ഇഹ്സാൻ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് അൽഖസബി പറഞ്ഞു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 48 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇഹ്സാനിന്റെ പങ്കാളികളുടെ എണ്ണം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള 1,600 സിവിൽ സൊസൈറ്റികളായി ഉയർന്നതായും അൽഖസബി പറഞ്ഞു.
ഇഹ്സാൻ എൻഡോവ്മെൻറ് ഫണ്ടിലേക്ക് വന്നെത്തിയ മൊത്തം സംഭാവന 70 കോടി റിയാലായി. മദീനയിൽ നിർമിക്കുന്ന അൽസലാം എൻഡോവ്മെൻറ് ആശുപത്രിക്കുള്ള സംഭാവനകൾ പൂർത്തിയായി. ആശുപത്രിയുടെ നിർമാണം 75 ശതമാനം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.