ജിദ്ദ: ഐ.എൻ.എല്ലിൽ രൂപപ്പെട്ട നിലവിലെ പ്രതിസന്ധി അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സൗദി ഐ.എം.സി.സി കമ്മിറ്റി. എന്ത് വിധേനയും പാർട്ടിയിൽ ഐക്യം ഉണ്ടാവരുതെന്ന് നിർബന്ധമുള്ള ഒരു വിഭാഗമാണ് എറണാകുളത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തോടനുബന്ധിച്ച് പാർട്ടിയെ സമൂഹത്തിൽ താറടിച്ചു കാണിക്കും വിധമുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തത്. ബുധനാഴ്ച ചേർന്ന സൗദി ഐ.എം.സി.സി നാഷനൽ കൗണ്‍സിൽ അംഗങ്ങളുടേയും പ്രവിശ്യാ കമ്മറ്റി ഭാരവാഹികളുടേയും ഓൺലൈൻ യോഗം നിലവിലെ സാഹചര്യം വളരെ വിശദമായി ചർച്ച ചെയ്തു. എല്ലാ അംഗങ്ങൾക്കും പാർട്ടിയിലെ നിലവിലെ സാഹചര്യത്തിന്‍റെ കാരണക്കാരെക്കുറിച്ച് കൃത്യമായ ധാരണയും നിലപാടുകളും ഉണ്ടെങ്കിലും പാർട്ടിയുടെ ഭാവി കണക്കിലെടുത്ത് നാട്ടിൽ നടക്കുന്ന അനുരഞ്ജന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാൻ യോഗം ഐകകണ്ഡേന തീരുമാനിച്ചു.
യോഗത്തിൽ സംസാരിച്ചവരില്‍ ഭൂരിഭാഗം പേരും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബിനെ പിന്തുണച്ചെങ്കിലും ചില പ്രതിനിധികള്‍ അനുരഞ്ജന ശ്രമങ്ങളുടെ ഫലത്തിനായി അൽപ്പ ദിവസം കാത്തുനിൽക്കണമെന്ന് നിർദേശിച്ചു. ചിലര്‍ പ്രാദേശികമായ പാര്‍ട്ടി ഘടകങ്ങളോടൊപ്പം നിൽക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. തീർത്തും ജനാധിപത്യപരമായ രീതിയിൽ നടന്ന യോഗത്തിലെ സൗഹൃദാന്തരീക്ഷം വികാരനിർഭരമായ പ്രതികരണങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു.
പാർട്ടിയിലെ പ്രശ്നങ്ങൾക്ക് ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോ പാർട്ടിയുടെ മന്ത്രിയോ അല്ല അടിസ്ഥാന കാരണങ്ങൾ. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് മന്ത്രിയെ പാർട്ടിയിലെ പിളർപ്പിലേക്ക് വലിച്ചിഴക്കുന്നത്. രണ്ട് മൂന്ന് വർഷമായി പാർട്ടിയിൽ രൂപപ്പെട്ട ഗ്രൂപ്പ് പ്രവർത്തനം സമയബന്ധിതമായി പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി. പാർട്ടിയിലെ ഐക്യം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സൗദി ഐ.എം.സി.സി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പാർട്ടി പരിപാടികളോട് തങ്ങൾ സഹകരിക്കില്ലെന്ന പ്രമേയം നേരത്തെ പാസ്സാക്കിയിരുന്നു. അതോടൊപ്പം പ്രശ്ന പരിഹാരത്തിന് സൗദി ഐ.എം.സി.സിയുടെ നേതൃത്വത്തിൽ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. അതിന്റെ കാരണവും കാരണക്കാരെയും സൗദി ഐ.എം.സി.സി കമ്മറ്റിക്ക് കൃത്യമായ ബോധ്യമുണ്ടെങ്കിലും പാർട്ടിയിൽ രഞ്ജിപ്പിന് പ്രാധാന്യം നൽകുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല.
മൂന്നാം തിയതി നടക്കുന്ന സ്റ്റേറ്റ് കൗൺസിലിന് ശേഷം സൗദി ഐ.എം.സി.സി നാഷനൽ എക്സിക്യൂട്ടീവ് ചേർന്ന് നിലപാടുകൾ അറിയിക്കും.യോഗം ഐ.എം.സി.സി ജി.സി.സി കമ്മറ്റി ട്രഷറർ ശാഹുൽ ഹമീദ് ഉദ്‌ഘാടനം ചെയ്തു. സൗദി കമ്മിറ്റി പ്രസിഡന്റ് എ.എം. അബ്‌ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ഭാരവാഹികളായ നാസർ കുറുമാത്തൂർ, മുഫീദ് കൂരിയാടൻ, കരീം മൗലവി കട്ടിപ്പാറ (മദീന), അബ്ദുൽ റഹിമാൻ ഹാജി (അബഹ), എൻ.കെ ബഷീർ കൊടുവള്ളി (അൽ ഖസീം), മൻസൂർ വണ്ടൂർ (ജിദ്ദ), യൂനുസ് മൂന്നിയൂർ (അൽ ഖുറയാത്), നൗഷാദ് മാര്യാട് (മക്ക), അബ്ദുൽ കരീം പയമ്പ്ര (ജുബൈൽ), മൊയ്‌തീൻ ഹാജി തിരൂരങ്ങാടി (അദം), ജിദ്ദ പ്രവിശ്യാ കമ്മറ്റി ഭാരവാഹികളായ എ.പി അബ്ദുൽ ഗഫൂർ, സി.എച്ച് ജലീൽ, ഷാജി അരിമ്പ്രത്തൊടി, അബ്ദുൽ മജീദ്, ഇബ്രാഹിം വേങ്ങര, ലുഖ്മാൻ തിരൂരങ്ങാടി, ഷഹീർ കാളംപ്രാട്ടിൽ, അമീർ പുകയൂർ, കിഴക്കൻ പ്രവിശ്യ ഭാരവാഹികളായ റാഷിദ് കോട്ടപ്പുറം, ഇർഷാദ് കളനാട്, സലിം ആരിക്കാടി, നവാഫ് ഓസി, ഹംസ കാട്ടിൽ, ഖലീൽ ചട്ടഞ്ചാൽ, എസ്.എ ഹാരിസ്, പി.സി ഷാജുദ്ധീൻ കിഴിശ്ശേരി, നജ്മുദ്ധീൻ മുക്കൻ, ശിഹാബ് വടകര, റിയാദ് പ്രവിശ്യ ഭാരവാഹികളായ റിയാസ് ഇരുകുളങ്ങര, റഷീദ് ചിറക്കൽ, ഷാജഹാൻ ബാവ, മുഹമ്മദ് ഫാസിൽ, അഷ്റഫ് കൊടുവള്ളി, യാംബു യൂനിറ്റ് പ്രസിഡന്റ് ഹനീഫ പുത്തൂർമഠം, മദീന കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് കൊണ്ടാടൻ, സൈനുദ്ധീൻ അമാനി (അബഹ), അൽഖുറയാത് യൂണിറ്റ് ഭാരവാഹികളായ സലിം കൊടുങ്ങല്ലൂർ, അബ്ദുൽ ജലീൽ, നിസാം കൊല്ലം, ഷെരീഫ് തെക്കൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് അറബി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.