റിയാദ്: നിർണായക ഘട്ടങ്ങളിലെല്ലാം പാർട്ടിയെ പിന്നിൽനിന്ന് കുത്തുകയും ഐ.എം.സി.സിയെ പിളർത്താൻ ശ്രമിക്കുകയും ചെയ്ത അബ്ദുല്ലക്കുട്ടി പിളർപ്പ് മറയാക്കി സംഘടനയുടെ ലേബലിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനും ഐ.എൻ.എൽ ദേശീയ പ്രസിഡന്റിനുമെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആരോപിച്ചു.
2010ൽ പി.എം.എ. സലാം പാർട്ടിക്കെതിരായി നിലപാട് എടുത്തപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ അതേ ദേശീയ കമ്മിറ്റി തന്നെയാണ് മുൻ പ്രസിഡന്റ് വഹാബിെൻറ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെയും നടപടി എടുത്തത്. പി.എം.എ. സലാം പാർട്ടി വിട്ടുപോയപ്പോൾ കൽക്കത്തയിൽ ചേർന്ന ദേശീയ സമിതിയാണ് പ്രഫ. വഹാബിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടർന്ന് കോഴിക്കോടും കാസർകോടും ബംഗളൂരിലും നടന്ന ദേശീയ സമിതി യോഗങ്ങളിൽ വഹാബ് ഉൾപ്പെടെ നിലവിൽ വിമതപക്ഷത്തുള്ള ജി.സി.സി രാജ്യങ്ങളിലെ ഐ.എം.സി.സി നേതാക്കളടക്കം പങ്കെടുത്തതാണ്.
ഒടുവിലായി പാർട്ടി ദേശീയസമിതി നൽകിയ ഷോക്കോസ് നോട്ടീസിനടക്കം വഹാബ് നൽകിയ മറുപടിയിൽ ഒരിടത്തും ദേശീയ കമ്മിറ്റിയുടെ സാധുതയെ ചോദ്യം ചെയ്തിട്ടില്ല. മാത്രമല്ല, വഹാബിനെ കോഴിക്കോടും വള്ളിക്കുന്നിലും സ്ഥാനാർഥിയായി പ്രഖ്യാപിച്ചതടക്കം പാർട്ടി പാർലമെന്ററി ബോർഡ് ദേശീയ പ്രസിഡന്റിെൻറ അംഗീകാരം തേടിയാണ്. അന്നൊന്നും പറയാത്ത ആക്ഷേപങ്ങളും ആരോപണങ്ങളും വഹാബും കൂടെ ചേർന്നവരും ഇപ്പോൾ പ്രചരിപ്പിക്കുന്നത് പാർട്ടിയിൽ നിന്ന് പുറത്ത് പോയതിനാലാണ്. ജിദ്ദ എ.എം.സി സി പ്രസിഡന്റ് പദവി ലഭിക്കാത്തതിെൻറ പേരിൽ വർഷങ്ങളോളം സംഘടന രംഗത്തു നിന്ന് മാറിനിന്ന് ലീഗനുകൂല നിലപാട് സ്വീകരിച്ച അബ്ദുല്ലക്കുട്ടി പാർട്ടിയിൽ രണ്ടാമതും വന്നത് പി.എം.എ ജലീൽ സലാമിനൊപ്പം ലീഗിൽ പോയതിനു ശേഷമാണ്.
സ്വയംകൃതാനർഥം കൊണ്ട് പ്രഫ. വഹാബിനുണ്ടായ തോൽവി പാർട്ടി ദേശീയ സെക്രട്ടറി ദേവർകോവിലിനെ കൊണ്ടുണ്ടായതാണെന്ന പ്രചാരണത്തിെൻറ പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളായിരുന്നു. വഹാബിെൻറ വ്യക്തിതാൽപര്യങ്ങൾ സംഘടനയിൽ നടപ്പാക്കാനുള്ള ശ്രമങ്ങളെ എതിർത്തതിനാണ് വഹാബ് ദേശീയ കമ്മിറ്റിക്കെതിരെ നിലകൊള്ളാനുള്ള കാരണം. രാഷ്ട്രീയ ശത്രുക്കളോട് കൂട്ടുചേർന്നും ആവോളം വിഭാഗീയത ഉണ്ടാക്കിയും പാർട്ടി പിളർന്നെന്ന് വരുത്തി എൽ.ഡി.എഫ് മുന്നണിയിൽ നിന്നും മന്ത്രിസഭയിൽനിന്നും ഐ.എൻ.എല്ലിനെ പുറത്തെത്തിക്കുക എന്നതാണ് വഹാബ് നേതൃത്വം നൽകുന്ന വിമതപക്ഷത്തിെൻറ തന്ത്രം. വഹാബിെൻറ കുതന്ത്രം തിരിച്ചറിഞ്ഞ പാർട്ടി പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി പാർട്ടിക്കൊപ്പം നിലകൊള്ളുന്നതിനാലാണ് പാർട്ടി ദേശീയ നേതാക്കൾക്കും മന്ത്രിക്കുമെതിരെ പലതവണ പാർട്ടിവിട്ട് പോയ അബ്ദുല്ലകുട്ടിയെ പോലുള്ളവരെ കൊണ്ട് വ്യാജ പ്രചാരണം നടത്തുന്നതിന് പിന്നിലുള്ള ലക്ഷ്യമെന്നും ഐ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് സൈത് കള്ളിയത്ത്, യൂനുസ് സലീം പെരുവള്ളൂർ, ബഷീർ ചേളാരി, ഇസ്ഹാഖ് തയ്യിൽ എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.