സാമ്പത്തിക വളർച്ചയിൽ സൗദി അറേബ്യക്ക് ഐ.എം.എഫിന്റെ പ്രശംസ

റിയാദ്: സാമ്പത്തിക സുസ്ഥിരത നിലനിർത്തി വളർച്ചയുടെ പടവുകൾ കയറുന്ന സൗദി അറേബ്യക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) പ്രശംസ. നടപ്പുവർഷത്തെ സാമ്പത്തിക അവലോകനത്തിനായി സൗദിലെത്തിയ ഐ.എം.എഫ് പ്രതിനിധികളാണ് സന്ദർശനത്തിനൊടുവിൽ നടത്തിയ പ്രസ്താവനക്കിടെ പ്രശംസ അറിയിച്ചത്. സാമ്പത്തിക വളർച്ചാനിരക്ക്, പണപ്പെരുപ്പ നിയന്ത്രണം, എണ്ണയിതര വരുമാന മേഖലയുടെ വളർച്ച എന്നിവയിൽ രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെട്ടതാണെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ.

ഇക്കൊല്ലം രാജ്യത്തെ ആഭ്യന്തര ഉൽപാദന വളർച്ചയിൽ (ജി.ഡി.പി) 7.6 ശതമാനം വർധന രേഖപ്പെടുത്തുകയും എണ്ണയിതര മേഖല 4.2ശതമാനം അധിക നേട്ടം കൈവരിക്കുകയും ചെയ്തു. 'വിഷൻ 2030'മായി ബന്ധപ്പെട്ട് നടത്തിവരുന്ന പരിഷ്കാരങ്ങളും എണ്ണവില വർധനയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗണ്യമായ തോതിൽ മെച്ചപ്പെടുത്തും. കോവിഡ് സാഹചര്യത്തെ സൗദി വിജയകരമായി കൈകാര്യം ചെയ്തതായി ഐ.എം.എഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ബാങ്കിങ് മേഖലയിലെ മൂലധനവത്കരണവും ഉയർന്ന തോതിലുള്ള പണലഭ്യതയും സമ്പത്തിക മുന്നേറ്റത്തിന് സഹായകമാണ്.

പൊതുധനകാര്യം ഇക്കൊല്ലത്തെ ബജറ്റ് പ്രവചനങ്ങളെ മറികടക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ കൂടുതൽ ദൃഢമാക്കുമെന്നും ഐ.എം.എഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഘടനാപരവും കാലാനുസൃതവുമായ പരിഷ്‌കാരങ്ങൾ തുടരുന്നത് സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ വീണ്ടെടുക്കലിന് സഹായിക്കും. കോവിഡ് പ്രതിസന്ധിയുടെ സാമ്പത്തിക, സാമൂഹിക, ആരോഗ്യ പ്രത്യാഘാതങ്ങളെ തരണം ചെയ്യാനുള്ള സൗദിയുടെ ശ്രമങ്ങളെ പ്രകീർത്തിച്ച ഐ.എം.എഫിന്റെ പ്രസ്താവനയെ ധനകാര്യമന്ത്രി മുഹമ്മദ് അൽജദ്ആൻ സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ടുവർഷം ആഗോള സാമ്പത്തിക രംഗം അഭിമുഖീകരിച്ച പ്രതിസന്ധികളെ രാജ്യം തരണം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - IMF praises Saudi Arabia for economic growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.