ഇബ്രാഹിം ശംനാട്
ജിദ്ദ: എണ്ണവിലയിലെ കുത്തനെയുള്ള വര്‍ധനയും വ്യവസായ അനുകൂല പരിഷ്കരണങ്ങളും കഴിഞ്ഞ കോവിഡ് മഹാമാരിമൂലമുണ്ടായ മാന്ദ്യത്തില്‍നിന്നുള്ള വീണ്ടെടുപ്പും കാരണം സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ലോകത്തിലെ അതിവേഗ വളര്‍ച്ചയുള്ള സാമ്പത്തികശക്തികളിലൊന്നാകാന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
മൊത്തം ആഭ്യന്തര ഉല്പാദനം 7.6 ശതമാനം വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. എണ്ണ ഇതര വരുമാനവും എണ്ണ കയറ്റുമതിയില്‍നിന്നുള്ള വരുമാനവും കാരണം പൊതുധനകാര്യവും സൗദി അറേബ്യയെക്കുറിച്ച് പുറംലോകത്തുള്ള ധാരണയും ശക്തിപ്പെടും. സൗദിയുടെ കരുതല്‍ ഫണ്ടിലും വർധനയുണ്ടാവുമെന്നും ഐ.എം.എഫ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന എണ്ണവരുമാനം ലഭിച്ചിട്ടും പൊതുചെലവ് എണ്ണവിലക്കനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാത്തത് സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.
സെന്‍ട്രല്‍ ബാങ്കിന്റെ ശക്തമായ മേല്‍നോട്ടമുള്ളതിനാല്‍ സാമ്പത്തിക മേഖല സുസ്ഥിരമായി തുടരുമെന്നും അമീന് മതി, സിദ്ര റഹ്മാന് എന്നിവര്‍ എഴുതിയ ലേഖനത്തില്‍ ഊന്നിപ്പറയുന്നു.
ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുന്നതിനും സൗദി അറേബ്യ ശ്രദ്ധേയമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഈ സംരംഭങ്ങളും ഭരണവും തൊഴില്‍വിപണി പരിഷ്കരണവും സംയോജിപ്പിച്ച്, വെറും മൂന്നു മിനിറ്റിനുള്ളില്‍ പുതിയ സംരംഭം രജിസ്റ്റർ ചെയ്യാനാവുംവിധം ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിമാറ്റി. വ്യവസായിക സൗകര്യങ്ങളുടെ എണ്ണം വർധിപ്പിക്കുകയും തൊഴില്‍സേനയില്‍ സ്ത്രീപങ്കാളിത്തം വർധിപ്പിക്കുകയും ചെയ്തു.
വിഷന്‍ 2030 നയങ്ങള്‍ അധികാരികള്‍ തുടര്‍ച്ചയായി നടപ്പാക്കുന്നത് സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ഉദാരവത്കരിക്കാനും സഹായിക്കുകയും അങ്ങനെ കൂടുതല്‍ സ്ഥിരതയുള്ള വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും.
സൗദി അറേബ്യയുടെ സാമ്പത്തികവീക്ഷണം വളരെ ശക്തമാണെന്നും രാജ്യത്തിന്റെ ദീര്‍ഘകാല അഭിവൃദ്ധി നിലനിര്‍ത്തുന്നത് സാമ്പത്തിക നവീകരണത്തിന്റെ ആക്കം നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെത്തിയ ഐ.എം.എഫ് പ്രതിനിധികളും സാമ്പത്തിക വളർച്ചയെ എടുത്തുപറഞ്ഞ് അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.