ജിദ്ദ: പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടിൽ തട്ടിപ്പ് നടത്തി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
സോഫ്റ്റ്വെയറിൽ തിരിമറി നടത്തി പണം തട്ടിയ സംഭവത്തിൽ വെറും ഒരു അറ്റൻഡർ ആയി ജോലിചെയ്യുന്ന ജീവനക്കാരിയെ പിരിച്ചുവിട്ട് ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത്. ഉന്നതതലത്തിലുള്ള ഗൂഢാലോചന ഇല്ലാതെ ഈയൊരു തട്ടിപ്പ് സാധ്യമാകില്ല.
സാധാരണക്കാരായ പാവപ്പെട്ട പ്രവാസികൾ തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് പ്രവാസി ക്ഷേമനിധിയിലേക്ക് അടക്കുന്ന പണം തട്ടിയെടുക്കുന്ന പ്രവണതകള്‍ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ അതിന്റെ പരിണതഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളാണ്. അവരെ വഞ്ചിക്കാന്‍ അനുവദിക്കുകയില്ല.
തുച്ഛമായ വരുമാനത്തിന് വേണ്ടി നാടും വീടും വിട്ട്, എല്ലാം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങിയാല്‍ ശിഷ്ടകാലം ഉപജീവനമാർഗമായി തങ്ങള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന തുച്ഛമായ സംഖ്യയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസി ക്ഷേമനിധിയില്‍ അംഗമായ ഒട്ടനവധി പ്രവാസികളുണ്ട്.
എന്നാല്‍ അതിന്റെ സാങ്കേതിക വശം അറിയാത്ത സാധാരണക്കാരാണ് ഇത്തരം ചതിക്കുഴിയില്‍ വീണുപോകുന്നത്. പ്രവാസികള്‍ക്ക് വേണ്ടിയുള്ള സർക്കാർ സംവിധാനങ്ങൾ തന്നെ ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്തുണ കൊടുക്കുന്നത് ലജ്ജാവഹമാണ്. പ്രവാസി ക്ഷേമനിധിയിലും നോർക്കയിലും അംഗത്വം എടുക്കുന്നതിൽനിന്ന് പ്രവാസികളെ പിന്തിരിപ്പിക്കുന്നത് ഇത്തരം ക്രമക്കേടുകളാണ്. ഭരണപക്ഷത്തിന്റെയടക്കം രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥ തലങ്ങളിൽ ഇത്തരത്തിലുള്ള വലിയ അഴിമതികൾ ആവർത്തിക്കപ്പെടുന്നത്.
ഇത്തരം ഉദ്യോഗസ്ഥ ലോബികളെയും വ്യക്തികളെയും തിരിച്ചറിയാന്‍ പ്രവാസി സമൂഹം ജാഗ്രതപാലിക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജിദ്ദ .ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കളായ ഹക്കീം പാറക്കൽ, ഹുസൈൻ ചുള്ളിയോട്, മുസ്തഫ പെരുവള്ളൂർ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ആസാദ് പോരൂർ, ഇസ്മായിൽ കൂരിപ്പൊയിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.