റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ തുടരുമ്പോൾ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ സൗദിയിലേക്കുള്ള മടക്കത്തിനായി നെട്ടോട്ടമോടുന്നു. പതിനായിരക്കണക്കിന് പ്രവാസികളാണ് വിമാന സർവിസുകൾ പുനരാരംഭിക്കൽ വൈകുന്നതിനാൽ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്.
മുമ്പ് ദുബൈ, ഒമാൻ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദി അറേബ്യയിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ, ഫെബ്രുവരി രണ്ടാം തീയതി സൗദി അറേബ്യ 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കി.
പലരും ഒന്നും രണ്ടും മാസത്തെ അവധികളിലാണ് നാട്ടിലെത്തിയത്. ഇപ്പോൾ മടക്കയാത്ര അടഞ്ഞ മട്ടാണ്. ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാൾ വഴിയും ബഹ്റൈൻ വഴിയും യാത്ര ചെയ്യാമെങ്കിലും ഭീമമായ യാത്രാചെലവ് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അധികമാണ്. 80,000 മുതൽ ഒരു ലക്ഷം വരെ ഇടാക്കുന്ന ട്രാവൽ ഏജൻസികൾക്കു മുന്നിൽപോലും പ്രവാസികളുടെ നീണ്ട നിരയാണ്. പലരുടെയും റീ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞു. കമ്പനികളുമായി ബന്ധപ്പെട്ട് വിസ കാലാവധി പുതുക്കി യാത്രക്കായി കാത്തിരിക്കുകയാണ്. തുച്ഛമായ ശമ്പളം വാങ്ങിയിരുന്ന പല പ്രവാസി കുടുംബങ്ങളും ഇപ്പോൾ അരപ്പട്ടിണിയിലാണ്. മേയ് 17 വരെയാണ് സൗദിയിലെ നിലവിലെ യാത്രാവിലക്ക്. അതിനു ശേഷം നേരിട്ട് സൗദിയിലേക്കു മടങ്ങിവരാനാകും എന്ന പ്രതീക്ഷയിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.