റിയാദ്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി അഭിപ്രായപ്പെട്ടു. ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച 'ലക്ഷദ്വീപ് അരക്ഷിതമാക്കരുത്, പ്രവാസികൾ പ്രതികരിക്കുന്നു' എന്ന ഓൺലൈൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണപ്രദേശങ്ങൾ രൂപപ്പെടുന്നത് സാംസ്കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകളെന്ന നിലയിലാണ്. ഭരണഘടന നൽകുന്ന ഈ പരിരക്ഷയാണ് ദ്വീപിൽ തകർത്തുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരിൽ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.മാംസാഹാരം നിരോധിക്കുന്നതിലൂടെയും മദ്യം സാർവത്രികമാക്കുന്നതിലൂടെയും ദ്വീപ് ജനതയുടെ സംസ്കാരം തകർക്കുകയാണ് പുതിയ ഓഡിനൻസുകൾ വഴി കേന്ദ്രസർക്കാർ ലക്ഷ്യംവെക്കുന്നത്. ലക്ഷദ്വീപ് റെഗുലേഷൻ അതോറിറ്റി ആക്ട് നടപ്പാക്കുകവഴി ദ്വീപ് ജനതയുടെ ഭൂമി ഒരു നിയമപരിരക്ഷയും കിട്ടാതെ കോർപറേറ്റുകൾക്ക് ൈകയേറാനുള്ള വാതിലുകൾ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാർലമെൻറ് അംഗം പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുണ്ടാ ആക്ട് പോലെ കരിനിയമം അടിച്ചേൽപിച്ചുകൊണ്ട് ദ്വീപ് ജനതയെ നിശ്ശബ്ദമാക്കാമെന്ന് കരുതുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം കുറ്റം ചെയ്യാതെതന്നെ സംശയത്തിെൻറ ആനുകൂല്യത്തിൽ അറസ്റ്റ് ചെയ്യാനും സമധാനപരമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻപോലും അവകാശമില്ലാത്ത വിധമുള്ള ജനാതിപത്യ ധ്വംസനമാണ് ദ്വീപിൽ നടക്കുന്നതെന്നും മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനൻ അഭിപ്രായപ്പെട്ടു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പഞ്ചശീല തത്ത്വങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകിയ രാഷ്ട്രസങ്കൽപങ്ങളെ തകർക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നതെന്ന് മുൻ എം.എൽ.എ വി.ടി. ബൽറാം പറഞ്ഞു.
മാധ്യമപ്രവർത്തകൻ ഷാജഹാൻ മാടമ്പാട്ട്, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, ബഷീർ വള്ളിക്കുന്ന് സൗദി, സുരേഷ് വല്ലത്ത് (ആസ്ട്രേലിയ), കെ.ടി. നൗഷാദ് (ബഹ്റൈൻ), ടി.വി. ഹിക്മത്ത് (കുവൈത്ത്), കെ.എൻ. സുലൈമാൻ മദനി, മുജീബ് മദനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.