ജിദ്ദ: അനുരഞ്ജനമാണ് സമാധാനത്തിെൻറ താക്കോലെന്നും അഫ്ഗാൻ സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഒരുമിച്ചുള്ള സർക്കാർ ഉണ്ടായെങ്കിൽ മാത്രമേ അവിടെ ശാശ്വത സമാധാനവും സ്ഥിരതയും സ്ഥാപിക്കപ്പെടൂവെന്നും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈമീൻ പ്രസ്താവിച്ചു.
സൗദി അറേബ്യയുടെ ക്ഷണപ്രകാരം ജിദ്ദയിലെ ഒ.െഎ.സി ആസ്ഥാനത്ത് അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യവും സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ ചേർന്ന ഒ.െഎ.സി സ്ഥിരം പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അനുരഞ്ജനവും സമഗ്ര സമീപനവും ഉണ്ടാകേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ നല്ല ഭരണവും വികസനവും ഉണ്ടാകൂ. കഴിഞ്ഞ മാസങ്ങളിൽ അഫ്ഗാനിസ്താനിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങളുണ്ടായി. അടിയന്തര ജീവകാരുണ്യസഹായം അവിടെ ആവശ്യമുള്ളതായും യോഗം വിലയിരുത്തി. അഫ്ഗാൻ സംഘർഷത്തിെൻറ കാലഘട്ടത്തിലുടനീളം ഒ.െഎ.സി ദേശീയ അനുരഞ്ജനത്തെയും അഫ്ഗാ ജനത നയിക്കുന്ന സമാധാനപരമായ നീക്കങ്ങളെയും പിന്തുണച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സമഗ്രമായ സംവാദം പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര ഉടമ്പടികളെയും കൺവെൻഷനുകളെയും ബഹുമാനിക്കാനും അഫ്ഗാനിസ്താനിലെ ഭരണാധികാരികൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീവ്രവാദത്തിനും അല്ലെങ്കിൽ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലിനും അഫ്ഗാനിസ്താൻ ഒരു സുരക്ഷിത താവളമായി വീണ്ടും ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര സമൂഹവും അവിടുത്തെ ഭരണകൂടവും പ്രവർത്തിക്കേണ്ടതുണ്ട്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളെ കുറിച്ച് പഠിക്കാൻ ഒ.െഎ.സി സ്ഥിരാംഗങ്ങളുടെ യോഗം വിളിച്ചതിന് സൽമാൻ രാജാവിന് ഒ.െഎ.സി സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.