ജൂലൈയിൽ റെഡ്ക്രസന്റ് 26,000 രോഗികൾക്ക് അടിയന്തര ശുശ്രൂഷ നൽകി

യാംബു: സൗദിയിൽ അടിയന്തര മെഡിക്കൽ സഹായം നൽകുന്ന സന്നദ്ധസംഘമായ സൗദി റെഡ്ക്രസന്റ് അതോറിറ്റിയുടെ മക്കയിലെ ടീമുകൾ ജൂലൈ മാസത്തിൽ പ്രയാസത്തിൽപെട്ട 26,000 രോഗികളെ സഹായിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിനിടയിൽ സഹായം ആവശ്യമായി വന്നവരിൽ 2,526 പേർ അപകടത്തിൽപെട്ട് അടിയന്തര ചികിത്സ ആവശ്യമായി വന്നവരാണ്.

9,557 പേർക്ക് സ്ഥിരമായി വൈദ്യസഹായം ആവശ്യമുള്ളവരുമാണ്. റെഡ്ക്രസന്റ് സന്നദ്ധപ്രവർത്തകരുടെ മുന്നിലെത്തിയ എല്ലാ കേസുകളും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചും ആതുര ചികിത്സാമേഖലയിൽ മികവുറ്റ സംഭാവനകൾ അർപ്പിക്കുന്നവരുടെ സേവനം ഉപയോഗപ്പെടുത്തിയുമാണ് കൈകാര്യം ചെയ്തതെന്ന് അതോറിറ്റി വക്താക്കൾ ചൂണ്ടിക്കാട്ടി. രോഗികളെ ആംബുലൻസുകളിൽ കൊണ്ടുപോകാൻ റോഡുകളിൽ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ വളരെയധികം സഹായിക്കുന്നതായും അപകടസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടാതിരിക്കാൻ പൊലീസ് വിഭാഗങ്ങൾ ജാഗ്രത കാണിക്കുന്നതായും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. ഇത് രോഗികൾക്ക് പെട്ടെന്ന് ചികിത്സ നൽകാൻ ഏറെ സഹായിക്കുന്നുണ്ട്. റെഡ്ക്രസന്റ് സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നതും മികവുറ്റ സേവനങ്ങൾ നൽകാൻ വഴിവെച്ചതായും അധികൃതർ സൂചിപ്പിച്ചു.

സന്നദ്ധപ്രവർത്തനം, പരിശീലനം, മെഡിക്കൽ, ബോധവത്കരണ പരിപാടികൾ എന്നിവയിൽ സന്നദ്ധപ്രവർത്തകർക്ക് മൊത്തം 22 പരിശീലനപരിപാടികൾ അതോറിറ്റി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ജൂലൈയിൽ ഏകദേശം 30 പരിശീലന പരിപാടികൾ നടത്തിയത് 840 ലധികം വളൻറിയർമാർക്ക് ഏറെ സഹായകരമായി. റെഡ്ക്രസന്റിന്റെ അടിയന്തര സേവനങ്ങൾ ആവശ്യമുള്ളവർ 997 എന്ന ഫോൺനമ്പറിൽ ബന്ധപ്പെട്ട് അഭ്യർഥിക്കുകയോ 'അസെഫ്‌നി' (Asafny) എന്ന ആപ്ലിക്കേഷൻ വഴി സേവനം ലഭിക്കാൻ സന്ദേശം അയച്ചോ ബന്ധപ്പെടാമെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു.

രാജ്യത്ത് ഏറ്റവും മികച്ച അടിയന്തര ആതുരസേവനം നൽകുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ഭാഷകളിൽ സ്‍മാർട്ട് ഫോണുകൾ വഴി എമർജൻസി സേവന അഭ്യർഥനകൾ സ്വീകരിക്കുന്നതിന് റെഡ്ക്രസന്റിന്റെ ആപ്ലിക്കേഷൻ വഴി സാധ്യമാകും. സേവനം ആവശ്യമായി വരുന്നവരുടെ അഭ്യർഥനകൾക്ക് അതിവേഗത്തിൽ പ്രതികരണം ഉറപ്പാക്കാനും അടിയന്തര സേവനങ്ങൾ നൽകാനും സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Red Crescent provided emergency care to 26,000 patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.