തബൂക്ക്: പൗരാണിക തബൂക്കിെൻറ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്ര പള്ളിയുണ്ട്. 'മസ്ജിദു തൗബ'എന്ന പേരിൽ അറിയപ്പെടുന്ന 'മസ്ജിദു റസൂൽ'. നഗരമധ്യത്തിൽ തബൂക്ക് ബസ് സ്റ്റാൻഡിനും വടക്കു പടിഞ്ഞാറൻ മേഖലയിലെ പ്രശസ്തമായ സൂഖിനും അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇസ്ലാമിക ചരിത്രത്തിൽ പ്രവാചകൻ മുഹമ്മദിെൻറ കാലഘട്ടത്തിൽ നടന്ന പ്രസിദ്ധമായ സംഭവവുമായി ബന്ധപ്പെട്ട് ഈ പള്ളി നിന്നിരുന്ന സ്ഥലത്തിന് പ്രാധാന്യമുണ്ട്.
ഹിജ്റ വർഷം ഒമ്പത് റജബ് മാസത്തിൽ 30,000 വിശ്വാസികളുമായി പ്രവാചകൻ മദീനയിൽനിന്ന് തബൂക്കിലെത്തിയതായി ചരിത്രത്തിലുണ്ട്. അന്ന് പ്രവാചകൻ താമസിക്കാൻ തിരഞ്ഞെടുത്തത് ഈ പ്രദേശമാണ്. ഇവിടെ 20 ദിവസം തങ്ങി. ഏഴാം നൂറ്റാണ്ടിലെ ലോകത്തെ പ്രബലരായിരുന്ന റോമ സാമ്രാജ്യത്തിെൻറ കീഴിലായിരുന്നു അറേബ്യയുടെ ഉത്തര ഭാഗങ്ങൾ. റോമക്കാർ അറേബ്യയെ ആക്രമിക്കാൻ പടനീക്കം നടത്തി. ഈ വിവരം അറിഞ്ഞ പ്രവാചകൻ മുഹമ്മദ് അതിനെ പ്രതിരോധിക്കാൻ തീരുമാനിച്ച് സൈനിക മുന്നേറ്റം നടത്തി. മദീനയിൽനിന്ന് ക്ലേശപൂർണമായ യാത്രക്കൊടുവിൽ മുസ്ലിം സൈന്യം തബൂക്കിലെത്തി. വിശ്വാസികളുടെ സന്നദ്ധതയും സൈനികവ്യൂഹത്തിെൻറ ഒരുക്കവും കണ്ട് റോമക്കാർ ഭീതി പൂണ്ടു. യുദ്ധത്തിൽനിന്ന് അവർ നിരുപാധികം പിന്മാറി. പ്രത്യക്ഷത്തിൽ ഒരു യുദ്ധം നടന്നില്ലെങ്കിലും ഇസ്ലാമിക ചരിത്രത്തിൽ നിർണായക അധ്യായമാണ് 'തബൂക്ക് യുദ്ധം'.
ചരിത്രത്തിൽ ഇടംപിടിച്ച തബൂക്കിലെ ഈ പ്രദേശത്ത് ഹിജ്റ 98ൽ ഉമവീ ഖലീഫ ഉമറുബ്നു അബ്ദുൽ അസീസിെൻറ കാലത്താണ് പള്ളി നിർമിച്ചത്. അന്ന് മണ്ണും ഈന്തപ്പനയുടെ തടിയും ഓലകളും ചേർത്തായിരുന്നു നിർമാണം. ഹിജ്റ 1062 വരെ പള്ളി ഈ നിലയിൽ തന്നെയായിരുന്നു. പിന്നീട് ഓട്ടോമൻ സാമ്രാജ്യത്തിെൻറ (ഉസ്മാനിയ ഖിലാഫത്ത്) കാലത്ത് ഹിജ്റ 1063ൽ മസ്ജിദു റസൂൽ പുതുക്കിപ്പണിതു. അതിനുശേഷം തുർക്കി ഭരണകാലത്ത് ഹിജ്റ 1325ൽ കൊത്തിയെടുത്ത കല്ലുകൊണ്ട് ശിൽപഭംഗിയിൽ പള്ളി പുനററർനിർമിച്ചു. ഹിജ്റ 1393ൽ ഫൈസൽ രാജാവിെൻറ തബൂക്ക് സന്ദർശന വേളയിൽ പുതുക്കിപ്പണിത നിലയിലുള്ളതാണ് ഇന്നത്തെ തബൂക്കിലെ മസ്ജിദു റസൂൽ. പൗരാണിക ചരിത്രത്തിെൻറ നാൾവഴികൾ അയവിറക്കാൻ തബൂക്കിലെ മസ്ജിദു റസൂലും അതിനടുത്തുള്ള തബൂക്ക് പൈതൃകം വിളിച്ചോതുന്ന മ്യൂസിയവും ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.