ദമ്മാം: നാലു നൂറ്റാണ്ടിലധികം മുസ്ലിംകൾ ആരാധന നടത്തിയ ബാബരി മസ്ജിദ് തകർത്തവർക്ക് സത്യത്തിനും നീതിക്കും വിലകൽപിക്കാതെ അവിടെ ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ ഭരണകൂട-നീതിന്യായ സംവിധാനത്തിെൻറ നടപടി അത്യന്തം വഞ്ചനപരമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. അത് ഇന്ത്യാചരിത്രത്തിൽ മറക്കാനാകാത്ത ഏടായി നിലനിൽക്കുമെന്നും ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
പ്രസിഡൻറ് മൻസൂർ എടക്കാട് ഉദ്ഘാടനം ചെയ്തു. മസ്ജിദ് തകർക്കപ്പെട്ട് 29 വർഷമായെങ്കിലും ബാബരിയെ മറവിക്ക് വിട്ടുകൊടുക്കില്ലെന്നും മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമിക്കുകയാണ് ഭരണകൂടം ചെയ്യേണ്ട ധാർമികമായ പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ബാബരി മസ്ജിദിൽ തീരുന്നതല്ല ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പള്ളി തകർക്കൽ പരിപാടി. മഥുരയിലെ ശാഹി മസ്ജിദിന് നേരെയുള്ള കൈയേറ്റശ്രമം തുടർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തി കലാപങ്ങൾക്ക് കോപ്പുകൂട്ടുകയും മസ്ജിദുകൾ തകർക്കുകയും പിടിച്ചടക്കുകയും ചെയ്യാനുള്ള ഫാഷിസ്റ്റ് കക്ഷികളുടെ കുടിലതന്ത്രങ്ങൾ വകവെച്ചുകൊടുക്കരുത്. ജനകീയമായി സംഘടിച്ച് ജനാധിപത്യമാർഗത്തിൽ അവയെ പ്രതിരോധിക്കാൻ പൊതുസമൂഹം ഒന്നിക്കണമെന്നും സംസാരിച്ചവർ പറഞ്ഞു. സിറാജുദ്ദീൻ ശാന്തിനഗർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് അബ്ദുസ്സലാം വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. നാസർ പട്ടാമ്പി, മൻസൂർ ആലംകോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.