യാംബു: സൗദി അറേബ്യയിലെ തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ വലിയ വളർച്ചയെന്ന് സൗദി പോർട്സ് അതോറിറ്റി (മവാനി). ഈവർഷം ജനുവരി മുതൽ മൂന്നാം പാദത്തിന്റെ അവസാനം വരെ 1.6 കോടി ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തു. ചരക്കുനീക്കത്തിൽ തുറമുഖങ്ങളിലെ പുരോഗതി ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയെ സുസ്ഥിരമാക്കുന്നതിനും രാജ്യത്ത് ചരക്കുകളുടെ സമൃദ്ധിയും വിപണിയിലെ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനും ഏറെ സഹായകരമായതായി അതോറിറ്റി അറിയിച്ചു.
ഒക്ടോബർ 16 ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഈ മേഖലയിലെ സൗദിയുടെ പങ്കാളിത്തം വ്യക്തമാക്കുന്നതിനിടെയാണ് തുറമുഖ ചരക്കുനീക്കത്തിലെ വളർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പോഷകസമൃദ്ധ ഭക്ഷണം പതിവായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ഈ ദിനത്തിന് രാജ്യം എല്ലാവിധ പിന്തുണയും നൽകുന്നതായും അധികൃതർ അറിയിച്ചു.
ഈവർഷം തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്ത കന്നുകാലികളുടെ എണ്ണം 30ലക്ഷം കവിഞ്ഞതായി അതോറിറ്റി അറിയിച്ചു. കഴിഞ്ഞവർഷം ഈ കാലയളവിൽ 29 ലക്ഷമായിരുന്നു കന്നുകാലികളുടെ ഇറക്കുമതി. അതിനേക്കാൾ 3.43 ശതമാനം വർധനവാണിത്. കോവിഡ് മഹാമാരി മൂലം ആഗോളതലത്തിൽ ഉടലെടുത്ത പ്രത്യാഘാതങ്ങൾ നേരിടാൻ സൗദി സ്വീകരിച്ച നടപടികളുടെ ഭാഗമായി 17 പദ്ധതികൾ സൗദി തുറമുഖ അതോറിറ്റി സംഭാവന ചെയ്തതായും അധികൃതർ ചൂണ്ടിക്കാട്ടി.
സമുദ്ര ഗതാഗത, തുറമുഖ മേഖലയിൽ വലിയ കുതിപ്പ് ഉണ്ടാക്കാനുള്ള ആസൂത്രണ പദ്ധതികൾ തുടരുകയാണെന്ന് അതോറിറ്റി അറിയിച്ചു.രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും അഭിവൃദ്ധിക്കും സഹായകരമായ നിലയിൽ സുസ്ഥിരമായ സമുദ്ര മേഖല വികസിപ്പിക്കാൻ 'മവാനി' നടപ്പാക്കുന്ന പദ്ധതികൾ ഇതിനകം ഏറെ ഫലം കണ്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കടൽഗതാഗത സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പിന്തുണയോടെ 2,000 കോടി റിയാലിൽ കൂടുതൽ നിക്ഷേപ മൂല്യമുള്ള തൊഴിൽ മേഖല സൃഷ്ടിക്കാനും അതുവഴി 6,000 പേർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും അതോറിറ്റി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.