ജുബൈൽ: സൗദി അറേബ്യയിലെ കാപ്പിമരങ്ങളുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ വർഷം രണ്ടര ലക്ഷം കാപ്പിത്തൈകൾ കൂടി അധികമായി നട്ടുപിടിപ്പിച്ചതോടെ 2020 അവസാനത്തോടെ രാജ്യത്ത് മൊത്തം കാപ്പിമരങ്ങളുടെ എണ്ണം നാലുലക്ഷമായി ഉയർന്നുവെന്ന് പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം അറിയിച്ചു.
കാപ്പി വളരുന്ന പ്രദേശങ്ങളായ ജസാൻ, ആസിർ, ബഹ എന്നിവിടങ്ങളിൽ 2017ൽ ഒന്നര ലക്ഷത്തിൽ താഴെ മാത്രമാണ് കാപ്പിമരങ്ങൾ ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. സൗദി സർക്കാറിെൻറ പിന്തുണയോടെ ഈ സംഖ്യ ഇരട്ടിയിലധികമാക്കുകയായിരുന്നു. നിരവധി പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും രാജ്യത്തെ അധികാരികൾ കോഫി പദ്ധതികളെ പിന്തുണക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. മട്ടുപ്പാവുകളെ കാർഷിക ഇടങ്ങളായി മാറ്റാനുള്ള ശ്രമങ്ങൾ, മഴവെള്ള സംഭരണ രീതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കാപ്പി കൃഷിക്കായി പ്രവർത്തന ഫണ്ട് കണ്ടെത്തുകയും അന്താരാഷ്ട്ര കാർഷിക വികസന ഫണ്ടുമായി കരാർ സ്ഥാപിക്കുകയും ചെയ്തു. അൽ-ബഹ കേന്ദ്രീകരിച്ച് കോഫി ഡെവലപ്മെൻറ് സിറ്റി സ്ഥാപിച്ച് മൂന്നുലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. ഇവയുടെ തരംതിരിക്കൽ, സംസ്കരണം, വറുക്കുന്നതിനും പാക്കിങ്ങിനുമായി ഫാക്ടറി എന്നിവ സ്ഥാപിക്കും.
രാജ്യത്തെ ഏറ്റവും വലിയ കോഫി എക്സിബിഷൻ നടപ്പിലാക്കാനും പദ്ധതിയുണ്ട്. ജിസാനിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള ആദ്യ കോഫി റിസർച് യൂനിറ്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കാപ്പി കൃഷിയുടെ വികസനം, പ്രാദേശികമായും ആഗോളതലത്തിലും വിപണനം നടത്തുക, കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്നിവ സുസ്ഥിര കാർഷിക ഗ്രാമവികസന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.