ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന 76-മത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു.

76ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായ ആഘോഷം

ജിദ്ദ: 76ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ 7:30ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം സദസ്സിന് വായിച്ചു കേള്‍പ്പിച്ചു.

ജനാധിപത്യം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുകയാണെന്നും 2047 ആകുമ്പോഴേക്കും രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ പൂർണമായി സാക്ഷാത്കരിക്കപ്പെടുമെന്നും രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് മഹാമാരിയെ രാജ്യത്ത് തന്നെ നിർമ്മിച്ച വാക്സിനുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് ഇക്കോ സിസ്റ്റം ലോകത്ത് ഉയർന്ന റാങ്കിലാണ്. ഭൗതിക, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിൽ രാജ്യം അഭൂതപൂർവമായ പുരോഗതി കൈവരിച്ചതായും സന്ദേശത്തില്‍ എടുത്തുപറഞ്ഞു.

കോൺസുലേറ്റ് ഇന്ത്യൻ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങൾ കോൺസുൽ ജനറൽ വിശദീകരിച്ചു. കോൺസുലേറ്റിൽ സംഘടിപ്പിച്ചുവരുന്ന ഓപ്പൺ ഹൗസ് സൗദിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഇന്ത്യൻ സമൂഹം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 80,000 ത്തോളം ഇന്ത്യൻ ഹാജിമാർക്ക് ഈ വർഷം പ്രയാസരഹിതമായി ഹജ്ജ് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിൽ സഹകരിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും കോൺസുൽ ജനറൽ നന്ദി അറിയിച്ചു.

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ശേഷം കേക്ക് മുറിച്ച് സദസില്‍ വിതരണം ചെയ്തു. കോണ്‍സുല്‍മാരായ വൈ. സാബിര്‍, ഹംന മറിയം, മുഹമ്മദ് അബ്ദുൾ ജലീൽ, മറ്റ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരോടൊപ്പം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേരും ചടങ്ങിൽ പ​​ങ്കെടുത്തു. 

Tags:    
News Summary - Independence day celebration at Indian Consulate in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.