1. റിയാദിലെ ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുന്നു, 2. അംബാസഡർ സ്വാതന്ത്ര്യദിന പ്രഭാഷണം
നടത്തുന്നു
റിയാദ്: 78ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം. വിപുലമായ ആഘോഷ പരിപാടികളാണ് റിയാദിലെ ഇന്ത്യൻ എംബസി ഒരുക്കിയത്. രാവിലെ 8.30ഓടെ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ എംബസി അങ്കണത്തിൽ ത്രിവർണ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. വർണാഭമായ വിവിധ സാംസ്കാരിക പരിപാടികൾ അതോടനുബന്ധിച്ച് അരങ്ങേറി. റിയാദിലെ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും നൃത്തനൃത്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ ആഘോഷപരിപാടിയിൽ പങ്കെടുക്കാനെത്തി.
തുടർന്ന് എംബസി ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസ്സിനെ അഭിസംബോധനം ചെയ്ത അംബാസഡർ, രാഷ്ട്രത്തോടും ലോകത്താകെയുള്ള ഇന്ത്യാക്കാരോടുള്ള രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശം വായിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതൽ ശക്തിപ്പെട്ടുവരുന്നതിനെ പരാമർശിച്ച അംബാസഡർ സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. ഇന്ത്യ ലോകത്തിനു നൽകുന്ന ഏറ്റവും പൗരാണികവും ഉദാത്തവുമായ സന്ദേശമാണ് ‘വസുധൈവക കുടുംബക’മെന്നതെന്നും ലോകം മുഴുവൻ ഒറ്റ കുടുംബമാണെന്നാണ് അതിന്റെ അർഥമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.
ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ കമ്പയിനിൽ എംബസി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും പ്രവാസി ഇന്ത്യൻ സമൂഹവും പങ്കാളികളായി. തലേദിവസം സംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ ഓർമദിന’ പരിപാടിയിലും ഇന്ത്യൻ സമൂഹം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.