സംയുക്ത ഭവനപദ്ധതി നിർവഹണ കരാറിൽ അമീർ സഉൗദ്​ ബിൻ തലാൽ ബിൻ ബദ്​ർ ആലു സഉൗദും ഡോ. ഒൗസാഫ്​

സഇൗദും ഒപ്പുവെക്കുന്നു

സംയുക്ത ഭവനപദ്ധതിയുമായി​ ഇന്ത്യയും സൗദിയും​​; നിർവഹണ കരാറായി

ജിദ്ദ: ഭവനനിർമാണ രംഗത്ത്​ സഹകരിച്ചു​ പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും. സൗദി മുനിസിപ്പൽ ഗ്രാമകാര്യ​,​ ഭവന മന്ത്രാലയവും ഇന്ത്യൻ ഭവന, നഗരകാര്യ മന്ത്രാലയവും നിർവഹണ കരാറിൽ ഒപ്പുവെച്ചു. ഭവനനിർമാണ മേഖലയിലെ നഗരാസൂത്രണം, നിർമാണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും മുമ്പ്​ ഒപ്പിട്ട ധാരണപത്രത്തിലെ അജണ്ടകൾ കൂടുതൽ സജീവമാക്കുന്നതിനാണ്​ കരാറെന്ന്​ സൗദി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തെ പ്രതിനിധാനംചെയ്​ത്​​ കസ്​റ്റമർ സർവിസ്​ അണ്ടർ സെക്രട്ടറിയും ഇൻറർനാഷനൽ കോഒാപറേഷൻ ജനറൽ സൂപ്പർവൈസറുമായ അമീർ സഉൗദ്​ ബിൻ തലാൽ ബിൻ ബദ്​ർ ആലു സഉൗദും ഇന്ത്യൻ മന്ത്രാലയത്തെ പ്രതിനിധാനംചെയ്​ത്​​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദുമാണ്​ കരാറിൽ ഒപ്പുവെച്ചത്​.

രാജ്യത്തെ ഭവന പദ്ധതികൾ ലക്ഷ്യ​ത്തിലെത്താനും 2030ഒാടെ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥതയുടെ അനുപാതം 70 ശതമാനമായി ഉയർത്താനും ഈ സംയുക്ത പദ്ധതിയിലൂടെ സാധിക്കും. ഇരുരാജ്യങ്ങൾക്കുമിടയിൽ ഭവനനിർമാണ മേഖലയിൽ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും​ സഹായമാകും. ആധുനിക കെട്ടിട സാങ്കേതികവിദ്യകൾ, റെസിഡൻഷ്യൽ കോംപ്ലക്​സുകൾ, നഗരവികസനം എന്നീ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം വിപുലമാക്കും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ നിർമാണ, പുനർനിർമാണ രംഗത്ത്​ പരസ്​പര സഹകരണത്തിന്​ അവസരം സൃഷ്​ടിക്കുന്നതിനും സഹായിക്കുമെന്ന്​ അമീർ സഉൗദ്​ ബിൻ തലാൽ പറഞ്ഞു. ഭവനനിർമാണ, റിയൽ എസ്​റ്റേറ്റ്​ വികസന മേഖലകളിലെ അനുഭവങ്ങൾ കൈമാറുന്നതിലൂടെ ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ പുലരുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

Tags:    
News Summary - India and Saudi Arabia launch joint housing project; Execution contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.