റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജനൽ കമ്മിറ്റി വിൻറർ സ്പോർട്സ്-2021 സംഘടിപ്പിച്ചു. വിവിധ കായിക മത്സരങ്ങളിൽ നിരവധിപേർ പങ്കെടുത്തു. കേരള, കർണാടക, തമിഴ്നാട്, നോർത്തേൺ സ്റ്റേറ്റ്സ് ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പരിപാടി ഫോറം റിയാദ് റീജനൽ പ്രസിഡൻറ് ബഷീർ ഈങ്ങാപ്പുഴ ടീം ലീഡർമാർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ വ്യായാമത്തിെൻറയും കായിക വിനോദങ്ങളുടെയും പ്രാധാന്യം വളരെ വലുതാണെന്നും പ്രായ ഭേദമന്യേ ശാരീരിക ക്ഷമതക്കനുസരിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തരുടെയും ആരോഗ്യം സ്വന്തത്തിനും സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട സ്വത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത കബഡി, വടംവലി, ക്രിക്കറ്റ്, വോളിബാൾ, ഷോട്ട്പുട്ട്, ഫുട്ബാൾ, റിലേ, 100 മീറ്റർ ഓട്ടം തുടങ്ങി വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിമുകളും ആവേശം പകരുന്നതായിരുന്നു. കർണാടക ചാപ്റ്റർ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ് മത്സരങ്ങളിലും കേരളം, കർണാടക, തമിഴ്നാട്, നോർത്തേൺ സ്റ്റേറ്റ്സ് എന്നീ ചാപ്റ്ററുകൾ ജേതാക്കളായി. വിൻറർ സ്പോർട്സ് മീറ്റിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ കായിക വിനോദങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപനചടങ്ങിൽ വ്യവസായപ്രമുഖൻ ജവഹർ നിസാം, ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജനൽ പ്രസിഡൻറ് ബഷീർ ഈങ്ങാപ്പുഴ, നോർത്തേൺ സ്റ്റേറ്റ്സ് റിയാദ് ചാപ്റ്റർ പ്രസിഡൻറ് ജാവേദ് ഖാൻ, തമിഴ്നാട് സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡൻറ് നിസാർ അഹമ്മദ്, കേരള സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡൻറ് അൻസാർ ആലപ്പുഴ, കർണാടക സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡൻറ് താജുദ്ദീൻ, ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ കാരന്തൂർ, ഹാരിസ് മംഗലാപുരം എന്നിവർ സംബന്ധിച്ചു. വിൻറർ സ്പോർട്സ്-2021 ഡയറക്ടർ ജുനൈദ് അൻസാരി, ഹാരിസ് വാവാട് എന്നിവർ സ്പോർട്സ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.