ജിദ്ദ: ‘യോഗ വസുദൈവ കുടുംബകത്തിന്’ എന്ന ശീർഷകത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഒമ്പതാമത് അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജിദ്ദയിലെ പാർക്ക് ഹയാത്ത് ഹോട്ടലിലെ അൽ സോഹ്ബ ഗാർഡനിൽവെച്ചാണ് യോഗദിന പരിപാടികൾ നടന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കിങ് ഫഹദ് ജലധാരയുടെ മനോഹരമായ പശ്ചാത്തലത്തിൽ നടന്ന അന്താരാഷ്ട്ര യോഗദിന പരിപാടികൾ ഏറെ ആകർഷകമായിരുന്നു. കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥി ആയിരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും പിരിമുറുക്കം കുറക്കാൻ യോഗ പരിശീലിച്ചതിന്റെ വ്യക്തിപരമായ അനുഭവം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
യോഗ പ്രേമിയായ സൗദി പൗരൻ യഹ്യ അൽ ഷരീഫ് യോഗയിലെ തന്റെ അനുഭവം അവതരിപ്പിച്ചു. ജിദ്ദയിലെ പ്രശസ്തരായ രണ്ട് യോഗ പരിശീലകരായ സൽവ അൽ മദനി, ഇറം ഖാൻ എന്നിവർ യോഗ പരിശീലിക്കുന്നതിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥർ, വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രധാന ഇന്ത്യൻ വ്യക്തിത്വങ്ങൾ, മാധ്യമ പ്രവർത്തകർ, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്നുള്ള വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യോഗ പരിശീലകർക്ക് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഡോ. ഷക്കീല ഷാഹിദ് എന്നിവർ പ്രശംസപത്രം സമ്മാനിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലും കോൺസുലേറ്റുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.