ജീസാൻ: നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശിച്ചു. ജീസാനിലെ നാടുകടത്തൽ കേന്ദ്രത്തിലുള്ളവരെ കോൺസുലേറ്റ് പ്രതിനിധികളായ ബിശ്വാസ്, മുഹമ്മദ് അസിം അൻസാരി എന്നിവരാണ് സന്ദർശിച്ചത്. തടവുകാർക്ക് നാട്ടിൽ പോകാനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള കാര്യങ്ങൾ സ്വീകരിച്ചു.
താമസ, തൊഴിൽ നിയമലംഘനത്തിന് പിടിക്കപ്പെട്ട് തർഹീലിൽ കഴിയുന്ന 20 ഇന്ത്യൻ പ്രവാസികൾക്ക് ഇതോടെ നാടണയാനുള്ള വഴിതെളിഞ്ഞു. പാസ്പോർട്ട് നഷ്ടപ്പെട്ടവരും ഇഖാമ (താമസരേഖ) ഇല്ലാത്തവരുമായി തർഹീലിൽ കഴിയുന്നവർക്ക് ഈ അവസരം പ്രയോജനകരമായിരിക്കും. കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (സി.സി.ഡബ്ല്യു.എ) അംഗങ്ങളുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് കോൺസുലേറ്റ് സംഘം ജീസാനിലെത്തിയത്. നാടുകടത്തൽ കേന്ദ്രത്തിലെത്തി ഇന്ത്യക്കാരെ ഓരോരുത്തരെയും കണ്ട് രേഖകൾ പരിശോധിച്ചു.
നാട്ടിൽ പോകാൻ മതിയായ രേഖകളില്ലാത്തവർക്ക് അതുടൻ നൽകാനും നടപടി വേഗത്തിലാക്കാനും തീരുമാനമെടുത്തു. ജീസാൻ മേഖല ജവാസാത് (പാസ്പോർട്ട്) ഡയറക്ടർ ജനറൽ ഡോ. സഈദ് ഖഹ്ത്വാനിയുമായി കോൺസുലേറ്റ് ഉദ്യോഗസ്ഥസംഘം കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ തടവുകാരുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.
പാസ്പോർട്ട് ഓഫിസ് ഡയറക്ടർ കേണൽ വലീദും ജയിൽ ഡയറക്ടർ സഈദും പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ജീസാനിലെ സാമൂഹിക പ്രവർത്തകരായ മുക്താർ ഖാൻ, ഡോ. സഈദ് കാശിഫ് അലി, ഖാലിദ് പട്ല എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു. ജീസാൻ ജനറൽ ജയിൽ സന്ദർശിച്ച അവർ ഡയറക്ടർ ഫൈസൽ ബിൻ അബ്ദുശഅബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ തടവുകാരുടെ വിവരം ചോദിച്ചറിയുകയും ചെയ്തു. ഖാലിദ് പട്ലയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരുടെ നിരന്തര ഇടപെടലാണ് കോൺസുലേറ്റിെൻറ ഇടപെടലിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.