ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ എസ്.എൻ ഠാക്കൂർ ജിസാൻ ജയിൽ മേധാവി ഫൈസൽ അബ്ദു ശഅബിയോടൊപ്പം

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം ജിസാൻ സെൻട്രൽ ജയിലും നാടു കടത്തൽ കേന്ദ്രവും സന്ദർശിച്ചു

ജിസാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ എസ്.എൻ ഠാക്കൂറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം ജിസാൻ സെൻട്രൽ ജയിലും നാടുകടത്തൽ കേന്ദ്രവും സന്ദർശിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട 11 മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യക്കാരാണ് ജിസാൻ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഇവരിൽ ഉത്തർപ്രദേശ് 5, വെസ്റ്റ് ബംഗാൾ 3, തമിഴ്നാട് 2, രാജസ്ഥാൻ, തെലുങ്കാന, ത്രിപുര, പഞ്ചാബ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ എന്നിവരാണ് മറ്റു സംസ്ഥാനക്കാർ.

സൗദിയിൽ നിരോധിച്ച 'ഖാത്ത്' എന്നറിയപ്പെടുന്ന ലഹരി പദാർത്ഥമായ ഇല കടത്തിയ കേസിലാണ് കൂടുതൽ പേരും പിടിക്കപ്പെട്ടത്. മദ്യ ഉപയോഗം, മദ്യ വിൽപ്പന, കൊലക്കുറ്റം, ഹഷീഷ് കടത്ത്, ഹവാല, സ്ത്രീ പീഡനം, താമസരേഖ (ഇഖാമ) നിർമ്മാണം, നിരോധിത വീഡിയോ ഷെയർ ചെയ്യൽ തുടങ്ങിയ കേസുകളിലും ശിക്ഷ അനുഭവിക്കുന്നവർ കൂട്ടത്തിലുണ്ട്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസീം അൻസാരി, കമ്മ്യൂണിറ്റി വെൽഫയർ അംഗവും കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായി, സി.സി.ഡബ്ലിയു.എ അംഗങ്ങളായ മുഖ്‌താർ, സയ്യിദ് കാശിഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

താമസരേഖ പുതുക്കാത്തവരും, ഹുറൂബ് കേസുകാരും ഉൾപ്പെടെ ഡീപ്പോർട്ടേഷൻ സെന്ററിൽ കഴിയുന്ന 29 ഇന്ത്യക്കാരിൽ പാസ്പോർട്ട് ഇല്ലാത്തവർക്ക് എമർജൻസി പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള രേഖകൾ സംഘം ശേഖരിച്ചു. സെൻട്രൽ ജയിൽ മേധാവി ഫൈസൽ അബ്ദു ഷഅബി, നാടുകടത്തൽ കേന്ദ്രം (തർഹീൽ) ഉപ മേധാവി സഅദ് അലി ശഹരി എന്നിവരുമായി ചർച്ച നടത്തിയ കോൺസൽ സംഘം ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരുടെ മോചനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.

ജിസാന് പുറത്തെ വിദൂര പ്രവിശ്യകളിൽ നിന്ന് വാടകക്കെടുത്ത കറുകളുമായി വന്ന് ഖാത്ത് ഇല കടത്തൽ പതിവാക്കുന്നവർ പിടിക്കപ്പെട്ടാൽ ശിക്ഷാ കാലാവധി കഴിഞ്ഞാലും അവരിൽ നിന്ന് പിടിക്കപ്പെട്ട വാഹനവുമായി ബന്ധപ്പെട്ട കേസുകൾ നില നിൽക്കുന്നതിനാൽ മോചനം അനന്തമായി വൈകുകയാണ്. പെട്ടെന്ന് കാഷ് നേടാമെന്ന വ്യാമോഹവും പിടിക്കപ്പെട്ടാൽ രക്ഷപ്പെടുത്താമെന്ന ഏജന്റുമാരുടെ പൊള്ളയായ വാഗ്ദാനവുമാണ് ഇടനിലക്കാരായി പ്രവർത്തിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ പാലിച്ച് പ്രവാസം നയിക്കാൻ എല്ലാ ഇന്ത്യൻ വംശജരും പ്രതിജ്ഞബദ്ധരാകണമെന്ന് വൈസ് കോൺസൽ എസ്.എൻ ട്ടാക്കൂർ ഓർമ്മിപ്പിച്ചു.

Tags:    
News Summary - Indian Consulate in Jeddah visited the Jizan Central Jail and the Deportation Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.