റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ വായനാനുഭവ സദസ്സായ ‘എന്റെ വായന’യുടെ മാർച്ച് ലക്കം ബത്ഹയിലെ ശിഫ അൽജസീറ കോൺഫറൻസ് ഹാളിൽ നടന്നു. വിഖ്യാത സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ആർതർ സി ക്ലാർക്കിന്റെ ‘എ ഫാൾ ഓഫ് മൂൺ ഡസ്റ്റ്’ എന്ന കൃതിയെ പരിചയപ്പെടുത്തി സൗരവ് വിപിൻ വായനാനുഭവങ്ങൾക്ക് തുടക്കം കുറിച്ചു.
ചന്ദ്രനിലേക്കുള്ള യാത്രയും അവിടെ നേരിടുന്ന പ്രതിസന്ധികളും ചിത്രീകരിക്കുന്ന ശാസ്ത്രനോവലിലെ നാടകീയ മുഹൂർത്തങ്ങൾ സൗരവ് സദസ്സുമായി പങ്കുവെച്ചു. സ്നേഹത്തിന്റെ മൗലികത ചർച്ച ചെയ്യുന്ന ഷ്രേക്കോ ഹോർവാട്ടിന്റെ ‘ദി റാഡിക്കലിറ്റി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം അമൽ സദസ്സുമായി പങ്കുവെച്ചു.
രാജ്മോഹൻ ഗാന്ധി എഴുതിയ ‘ഗാന്ധി നെഹ്റു ആക്ഷേപങ്ങൾക്ക് ഒരു മറുപടി’ എന്ന കൃതി അബ്ദുറസാഖ് അവതരിപ്പിച്ചു. ടോട്ടോചാനെ മലയാളിക്ക് പരിചയപ്പെടുത്തിയ കവി അൻവർ അലിയുടെ ‘മെഹബൂബ് എക്സ്പ്രസ്’ എന്ന കവിതസമാഹാരം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ സമീപകാല ചരിത്രത്തിലൂടെ, അതിന്റെ അശാന്തവും കലുഷവുമായ പാളങ്ങളിലൂടെയുള്ള സഞ്ചാരം എം. ഫൈസൽ വിവരിച്ചു.
എഴുത്തുകാരനും പ്രഭാഷകനും നേതൃപരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന റോബിൻ ശർമയുടെ ‘ദി മോങ്ക് ഹൂ സോൾഡ് ഹിസ് ഫെരാരി’ എന്ന കൃതി ഉയർത്തിപ്പിടിക്കുന്ന ചിന്തകൾ സഫറുദ്ദീൻ താഴേക്കോട് സദസുമായി പങ്കുവെച്ചു. എല്ലാവിധ ജീവിത സൗകര്യങ്ങളും സൗഭാഗ്യങ്ങളും നമ്മെ തേടിവരുമ്പോഴും ജീവിതം കൈപ്പിടിയിലൊതുക്കാൻ കഴിയാത്തതിന്റെ ആശങ്കകൾ, അതിനുള്ള പ്രതിവിധികൾ ഉയർത്തിപ്പിടിക്കുന്ന, സ്വയം വികസനത്തിന്റെ മനഃശാസ്ത്രം പറയുന്നതാണ് ഈ പുസ്തകം എന്ന് അവതാരകൻ അഭിപ്രായപ്പെട്ടു. വിപിൻകുമാർ, ശിഹാബ് കുഞ്ചിസ്, സീബ കൂവാട്, ബീന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.