മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിലെത്തിയ ഹാജിമാരുടെ ആദ്യ ജുമഅ ദിവസമായിരുന്നു ഇന്ന്. പുലർച്ചെ മുതൽ താമസ സ്ഥലങ്ങളിൽ നിന്ന് ഹാജിമാരെ ഇന്ത്യൻ ഹജ്ജ് മിഷൻ ബസുകളിലായി മസ്ജിദിൽ ഹറാമിൽ എത്തിച്ചു തുടങ്ങിയിരുന്നു. 11 മണിയോടെ മുഴുവൻ തീർത്ഥാടകരും മസ്ജിദിൽ ഹറാമിൽ എത്തി. 40 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്ന് മക്കയിലെ ചൂട്. കടുത്ത ചൂടിനെ അവഗണിച്ചുo തീർത്ഥാടകര്‍ ജുമുഅയിൽ പങ്കെടുക്കാനെത്തി. ആദ്യ ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലായിരുന്നു മുഴുവൻ തീർത്ഥാടകരും.
ഇന്ത്യൻ ഹാജിമാരെ ഇന്ന് മസ്ജിദിൽ ഹറാമിൽ എത്തിക്കാനും തിരിച്ചു താമസസ്ഥലത്തേക്ക് എത്തിക്കാനും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിരുന്നു. മുഴുവൻ വളണ്ടിയർമാരെയും മെഡിക്കൽ ടീമിനെയും ഇതിനായി രംഗത്തിറക്കി. മലയാളി സന്നദ്ധസേവകരും ഹാജിമാരുടെ സേവനത്തിനായി മസ്ജിദുൽ ഹറാമിന് പരിസരത്തും ബസ് സ്റ്റേഷനിലും ഉണ്ടായിരുന്നു. ശക്തമായ ചൂടിൽ പല തീർത്ഥാടകർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഇവർക്കാവശ്യമായ പ്രാഥമിക ചികിത്സ നൽകി താമസ കേന്ദ്രത്തിൽ എത്തിച്ചു.
ഇന്ന് പുലർച്ചെ നാട്ടിൽ നിന്നും മക്കയിലെത്തിയ പുരുഷ തുണയില്ലാത്ത വിഭാഗത്തിൽപ്പെട്ട മലയാളി വനിതാ തീർത്ഥാടകരിൽ ഭൂരിഭാഗവും രാവിലത്തെ ഉംറ കർമത്തിന് ശേഷം ജുമുഅയിൽ കൂടി പങ്കെടുത്തതാണ് റൂമുകളിലേക്ക് മടങ്ങിയത്. സ്വകാര്യ ഗ്രൂപ്പുകൾക്ക് പുറമെ 31,215 ഇന്ത്യൻ ഹാജിമാരാണ് ഇതുവരെ മക്കയിലെത്തിയിട്ടുള്ളത്. ഇതിൽ 2000 ത്തോളം പേർ മലയാളികളാണ്. ജിദ്ദ വഴിയുള്ള ഹാജിമാരുടെ വരവ് തുടരുകയാണ്. മദീന സന്ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരും മക്കയിലേക്ക് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.