ഇന്ത്യൻ സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങുന്നു: നേരിട്ട് സൗദിയിലെത്താനുള്ള വഴിതേടി അധ്യാപകരും വിദ്യാർഥികളും

യാംബു: സൗദിയിൽ ഇന്ത്യൻ എംബസിക്ക്​ കീഴി​െല ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ ഇൻറർനാഷനൽ സ്‌കൂളുകളും സെപ്റ്റംബർ ആദ്യം തുറക്കാനിരിക്കെ, അവധിക്ക്​ പോയി നാട്ടിലുള്ള അധ്യാപകരും വിദ്യാർഥികളും നേരിട്ട് സൗദിയിലേക്ക്​ തിരിച്ചെത്താൻ വഴി തെളിയാതെ ആശങ്കയിൽ.

സൗദിയിൽ വാക്സിനേഷൻ പൂർത്തിയാക്കി നാട്ടിൽ പോയവർക്ക്​ നേരിട്ട് തിരിച്ചെത്താൻ അനുമതി നൽകിയ വാർത്ത പുറത്തുവന്നപ്പോൾ സന്തോഷത്തിലാണ് പലരും.

ആരോഗ്യ മേഖലയിലുള്ളവർക്ക് നേരിട്ട് സൗദിയിൽ എത്താൻ കഴിയുന്നതുപോലെ സ്‌കൂൾ അധ്യാപകർക്കും ജീവനക്കാർക്കും വരാൻ സൗദി ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും പ്രത്യേകം അനുമതി നൽകുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.

ഇതനുസരിച്ച് ഇന്ത്യൻ സ്‌കൂൾ മാനേജ്​മെൻറുകൾ തിരിച്ചുവരേണ്ട തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി സൗദി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്ക്​ പ്രത്യേക അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, മറുപടി ലഭിച്ചിട്ടില്ല. മന്ത്രാലയത്തിൽനിന്ന് അടുത്തുതന്നെ അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഈ മാസം അവസാനമോ അടുത്തമാസം തുടക്കത്തിലോ അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് മടങ്ങിയെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളതെന്ന് സൗദിയിലെ ഒരു ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 17 മാസത്തോളം അടച്ചിട്ടശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഒരുങ്ങുന്നത്. സൗദി സ്‌കൂളുകൾ ഈ മാസം 29ന് തുറക്കുമെങ്കിലും ഇന്ത്യൻ സ്‌കൂളുകൾ സെപ്റ്റംബർ ആദ്യത്തേയോ രണ്ടാമത്തേയോ ആഴ്​ച മാത്രമേ തുറക്കൂ. ഏഴു മുതലുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്ത് ഇമ്യൂൺ സ്​റ്റാറ്റസ് നേടിയവർക്ക് മാത്രമാണ്​ സ്‌കൂളിൽ വരാൻ അനുവാദം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ മാത്രമേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാവൂ എന്നും നിർദേശമുണ്ട്. സൗദിയിലെ എല്ലാ സ്‌കൂളുകളും മധ്യവേനലവധി കഴിഞ്ഞ് വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സ്‌കൂൾ ക്ലാസ്​ ആരംഭിച്ചാലും ജീവനക്കാരും വിദ്യാർഥികളും എത്ര ശതമാനത്തിന്​ എത്താൻ കഴിയുമെന്ന ധാരണ ഇതുവരെ സ്‌കൂൾ നടത്തിപ്പുകാർക്കില്ല. നിലവിൽ ഇന്ത്യയിലുള്ളവർക്ക്‌ യാത്രാവിലക്കില്ലാത്ത രാജ്യം ഇടത്താവളമാക്കി രണ്ടാഴ്​ച കൊണ്ടേ സൗദിയിലെത്താൻ കഴിയൂ. ഇതിന്​ ഭീമമായ തുക ചെലവ് വരുന്നത് കാരണം നാട്ടിലുള്ള കുടുംബങ്ങൾ അധികവും തിരിച്ചുവരാൻ തീരുമാനമെടുത്തിട്ടുമില്ല. ഇക്കാരണത്താൽ തന്നെ നല്ല ശതമാനം കുട്ടികളും സ്‌കൂളുകളിൽ തിരിച്ചെത്താനിടയില്ല.

അതുകൊണ്ടുതന്നെ ഓൺലൈൻ പഠനസംവിധാനം തുടരേണ്ടിവരുമെന്ന സ്ഥിതിയും നിലവിലുണ്ട്​. ഓഫ്​ലൈനായി സ്‌കൂളുകളിൽ നടത്തുന്ന ക്ലാസുകൾ തത്സമയം ഓൺലൈനായി വിദ്യാർഥികൾക്ക് കാണാൻ കഴിയുന്ന സംവിധാനവും ഏർപ്പെടു​ത്തേണ്ടതായും വരും. ഇത് സംബന്ധമായ കൃത്യമായ നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സ്‌കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്.

സ്‌കൂളുകൾ തുറക്കുമ്പോഴേക്കും അധ്യാപകരുടെയും വിദ്യാർഥികളുടെയും യാത്രാപ്രതിസന്ധിക്ക് ഒരു പരിഹാരം സൗദി അധികൃതരിൽനിന്ന്​ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടിലുള്ള നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ.

Tags:    
News Summary - Indian schools preparing to open: Teachers and students looking for a way to reach Saudi Arabia directly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.