റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു. റിയാദിലെ മലസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സഭ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹാരിസ് മംഗലാപുരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോറം ബ്ലോക്ക് പ്രതിനിധികൾ പങ്കെടുത്തു. സോഷ്യൽ ഫോറത്തിന് സന്നദ്ധ സേവന മേഖലയിൽ ഇന്ത്യൻ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമാവാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിതരായ നിരാലംബരായ തൊഴിലാളികൾക്ക് സഹായമെത്തിക്കാനും തൊഴിൽപരമായ വിഷയങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് മതിയായ നിയമസഹായം നൽകാനും നിയമക്കുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ സാധിക്കാതെ ദുരിതത്തിലായ ഒട്ടനവധി പ്രവാസികൾക്ക് മതിയായ യാത്രാരേഖകൾ ഇന്ത്യൻ എംബസിയുമായി ചേർന്ന് നൽകി അവരെ നാട്ടിൽ അയക്കാനും സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ രോഗബാധിതരെ ആശുപത്രിയിൽ എത്തിക്കാനും അവർക്ക് മതിയായ സഹായം നൽകാനും സോഷ്യൽ ഫോറം വളൻറിയർ സദാ മുന്നിലുണ്ടായിരുന്നു. രോഗബാധിതരായി മരിച്ചവരെ മറവ് ചെയ്യുന്നതിൽ വളൻറിയർമാരുടെ സന്നദ്ധത സ്വദേശികളും വിദേശികളും ഒരുപോലെ അഭിനന്ദിച്ചിരുന്നു. സോഷ്യൽ ഫോറം റിയാദ് സംസ്ഥാന കമ്മിറ്റിയുടെ 2018 - 2021 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി അവതരിപ്പിച്ചു. കോവിഡ് സമയത്ത് ഫോറം നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾ റിപ്പോർട്ടിനൊപ്പം അവതരിച്ചു. സെയ്തലവി ചുള്ളിയാൻ (പ്രസി), അൻസാർ ചങ്ങനാശ്ശേരി (ജന. സെക്ര), മുഹിനുദ്ദീൻ മലപ്പുറം, തൻസീർ പത്തനാപുരം (വൈ. പ്രസി), ഉസ്മാൻ മുഹമ്മദ്, അബ്ദുൽ അസീസ് പയ്യന്നൂർ (സെക്ര), അഷറഫ് വേങ്ങൂർ, അൻവർ പി.എസ് കാസർകോട്, ഇൽയാസ് തിരൂർ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. റംസുദ്ദീൻ തമിഴ്നാട്, അൻസാർ ആലപ്പുഴ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറുമാരായ പി.ടി. അശ്റഫ്, റസാഖ് മാക്കൂൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.