മദീന: കോവിഡ് തീർത്ത അകൽച്ചക്കും ഏറെ നാളത്തെ ഒറ്റപ്പെടലുകൾക്കും ശേഷം പ്രവാസലോകത്ത് വിവിധ മേഖലകളിൽ തൊഴിലെടുത്തുകഴിയുന്ന പ്രവാസികൾക്ക് മനസ്സിന് കുളിരേകി മദീന ഇന്ത്യൻ സോഷ്യൽ ഫോറം വിന്റർ മീറ്റ് സംഘടിപ്പിച്ചു. നീണ്ട ഇടവേള സൃഷ്ടിച്ച ശൂന്യതക്ക് വിരാമമിട്ടുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസി സുഹൃത്തുക്കളും കുട്ടികളുമടക്കം നിരവധിപേർ വിന്റർ മീറ്റിൽ സൗഹൃദം പുതുക്കാനും മനസ്സുതുറന്ന് ഉല്ലസിക്കാനും ഒത്തുകൂടി.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രവാസത്തിലെ മാനസിക പിരിമുറുക്കങ്ങൾക്ക് ലോകത്തിെൻറ ഏതു കോണിലായാലും സൗഹൃദം പങ്കിടുകയും നാട്ടുകാരും സുഹൃത്തുക്കളും തമ്മിലുള്ള ആശയവിനിമയവും ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മദീന ബ്ലോക്ക് വൈസ് പ്രസിഡന്റ് കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂർ 'പ്രവാസവും ആനുകാലികതയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ജോലി ഭാരവും വരുമാനമില്ലായ്മയും പലരിലും സൃഷ്ടിക്കുന്ന സമ്മർദങ്ങൾ കുടുംബങ്ങളിൽ പ്രതികൂലമായി ഭവിക്കാതിരിക്കാനും വരുംതലമുറയുടെ നന്മക്കായി പ്രവർത്തിക്കാനും ഇത്തരം ഒത്തുചേരലും സൗഹൃദ കൂട്ടായ്മയും പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വടംവലി, നീന്തൽ തുടങ്ങി വ്യത്യസ്ത കായിക വിനോദങ്ങൾ അരങ്ങേറി. മാർഷൽ ആർട്സ് മാസ്റ്റർ അൻവർഷാ വളാഞ്ചേരിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കരാട്ടേ പ്രദർശനം നടന്നു. പ്രസിഡന്റ് അസീസ് കുന്നുംപുറം സമ്മാന വിതരണം നടത്തി. ബ്ലോക്ക് സെക്രട്ടറി റഷീദ് വരവൂർ സ്വാഗതവും ഫൈസൽ താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.