റിയാദ്: കാല്‍മുട്ടുകളില്‍ വളയം കറക്കി മലയാളി ബാലികയുടെ പ്രകടനം ഗിന്നസിലേക്ക്. 'ഹുല ഹുപ്' എന്ന വളയം 30 സെക്കൻഡില്‍ 115ലധികം തവണ കറക്കിയാണ് റിയാദില്‍ പ്രവാസിയായ ആറ് വയസുകാരി എയ്തന്‍ ഋതു മികച്ച പ്രകടനം കാഴ്ചവെച്ചത്. 99 തവണ കറക്കിയുള്ളതാണ് നിലവിലെ ലോക റെക്കോഡ്. ഇത് ഭേദിച്ച സാഹചര്യത്തില്‍ ഗിന്നസില്‍ ഇടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എയ്തന്‍ ഋതുവും മാതാപിതാക്കളും.
ഹുല ഹൂപ് കറക്കി നൃത്തച്ചുവടുവെക്കുന്നതിലും എയ്തന്‍ ഋതു പ്രതിഭ തെളിയിച്ചിട്ടുണ്ട്. റിയാദിലെ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇതിനിടെ ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി. ഇതോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാന്‍ പരിശീലനം ആരംഭിച്ചത്. റിയാദ് നെസ്‌റ്റോ ഹൈപര്‍ ഓഡിറ്റോറിയത്തിലാണ് ഗിന്നസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിപാടി ഒരുക്കിയത്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തിലാണ് പ്രകടനം അരങ്ങേറിയത്.
നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ ഡോ. അബ്ദുല്‍ അസീസ്, ഗവൺമെന്റ് സ്‌കൂൾ അധ്യാപികയായ സാറാ ഫഹദ് അല്‍-മുദറ എന്നിവരാണ് ഹുല ഹുപ് പ്രകടനത്തിന് സാക്ഷികളായത്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകരായ പി.കെ. പ്രജി, പി. സവാദ് എന്നിവര്‍ സമയം രേഖപ്പെടുത്തി. ഗിന്നസ് മാനദണ്ഡങ്ങള്‍ക്ക് അസീസ് കടലുണ്ടി, സജിന്‍ നിഷാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ ബിജേഷ് അയിലത്തിന്റെയും മലപ്പുറം വളളിക്കുന്ന് സുനില ബിജേഷിന്റെയും മകളാണ് എയ്തന്‍ ഋതു. അദ്വൈത് സഹോദരനാണ്. പരിപാടികള്‍ക്ക് ഷഹദ് നീലിയത്, ഇമ്രാന്‍ സേഠ്, മുസ്തഫ പിസി, മുഹമ്മദ് റഈസ്, ഇര്‍ഷാദ്, അബ്ദു രാമനാട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.