ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ മൂലം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിയ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടി ലേക്ക് മടങ്ങി.
നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിെൻറ ഇടപെടലിനെ തുടർന്നാണ് സൗദി അധികൃതരുടെയ ും സാമൂഹികപ്രവർത്തകരുടെയും സഹായത്തോടെ മലയാളി ബീന എലിസബത്ത്, തമിഴ്നാട്ടുകാരിയായ സഖിയ ബീഗം, ഉത്തരപ്രദേശുകാരിയായ ശ്വേതാഗുപ്ത എന്നിവർക്ക് നാടണയാനായത്. സഖിയ ബീഗം ഒന്നരവർഷം മുമ്പാണ് ദമ്മാമിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കെത്തിയത്. എന്നാൽ ജോലിസ്ഥലത്ത് സാഹചര്യങ്ങൾ മോശമായിരുന്നു.
രാപ്പകൽ വിശ്രമിക്കാൻ അനുവദിക്കാതെ ജോലി ചെയ്യിച്ച വീട്ടുകാർ ശമ്പളവും കൃത്യമായി കൊടുത്തില്ല. വഴക്കും മാനസികപീഢനങ്ങളും ഏറെ സഹിക്കേണ്ടി വന്നതായി സഖിയ പറയുന്നു. ശമ്പളം മൂന്നു മാസത്തിലേറെയായി കിട്ടാതെ വന്നപ്പോൾ അവർ ആ വീട്ടിൽ നിന്നും പുറത്തുചാടി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പൊലീസുകാർ വനിതാ അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ശ്വേതാഗുപ്ത അഞ്ച് മാസം മുമ്പാണ് ദമ്മാമിലെ സ്വദേശി വീട്ടിൽ ജോലിക്കെത്തിയത്. നാല് മാസത്തെ ശമ്പളം കൃത്യമായി കൊടുത്തെങ്കിലും ശാരീരിക മർദ്ദനവും മാനസികപീഢനങ്ങളും കാരണം ജോലി നരകതുല്യമായി. സഹികെട്ട അവർ ആരുമറിയാതെ പുറത്തിറങ്ങി അടുത്തുള്ള പൊലീസ് സ്റ്റഷനിൽ അഭയം തേടുകയും അതുവഴി അഭയകേന്ദ്രത്തിൽ എത്തുകയുമായിരുന്നു. ആറു മാസം മുമ്പാണ് കോട്ടയം സ്വദേശിനി ബീന എലിസബത്ത് ഹൗസ്മെയ്ഡ് വിസയിലെത്തിയത്. ആദ്യ രണ്ട് മാസത്തെ ശമ്പളം മാത്രമേ ലഭിച്ചുള്ളൂ. മൂന്നു മാസത്തോളം കുടിശികയായതോടെ അവർ പൊലീസുകാരുടെ സഹായത്തോടെ അഭയകേന്ദ്രത്തിൽ എത്തുകയായിരുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ മൂവരുടെയും സ്പോൺസർമാരെ വിളിച്ചു സംസാരിച്ചെങ്കിലും അവർ സഹകരിച്ചില്ല. തുടർന്ന് ഇന്ത്യൻ എംബസി വഴി ഔട്ട്പാസ് എടുത്ത്, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ പോകാൻ വഴിയൊരുക്കുകയായിരുന്നു. റമദാൻ മാസമായതിനാൽ സൗദി സർക്കാർ വിമാനടിക്കറ്റ് സൗജന്യമായും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.